ഹെൻട്രി ബി കാഗനും കെൻസോ സോയിക്കും രസതന്ത്ര നോബൽ: കണ്ടെത്തിയത് ശാസ്ത്രലോകത്തെ കുഴക്കിയ ആ രഹസ്യം

സ്റ്റോക്ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. ശാസ്ത്രജ്ഞന്മാരായ ഹെൻട്രി ബി കാഗൻ, കെൻസോ സോയ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. അസിമെട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിനാണ് അംഗീകാരം.

അമിനോ ആസിഡുകൾ പോലെയുള്ള ചില തന്മാത്രകൾ മിറർ ഇമേജ് പോലെയുള്ള രണ്ട് രൂപങ്ങളായാണ് നിലനിൽക്കുന്നത്. എന്നാൽ ജീവജാലങ്ങളിൽ ഇവയിൽ ഒരു പ്രത്യേക പ്രതിബിംബ രൂപം മാത്രമാണ് കാണപ്പെടുന്നത്. പ്രകൃതിയിലെ ഈ രാസ ക്രമരാഹിത്യം അല്ലെങ്കിൽ 'ഹോമോചിറാലിറ്റി' എങ്ങനെ സ്വമേധയാ രൂപപ്പെട്ടു എന്നത് ശാസ്ത്രലോകത്ത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു വലിയ നിഗൂഢതയായിരുന്നു.

ലാബുകളിൽ ഇത്തരം രാസപ്രവർത്തനങ്ങൾ നടത്തുമ്പോൾ രണ്ട് പ്രതിബിംബ തന്മാത്രകളും തുല്യ അളവിലാണ് ലഭിച്ചിരുന്നത്. എന്നാൽ ഔഷധ നിർമാണം പോലെയുള്ള മേഖലകളിൽ തന്മാത്രകളുടെ ഒരു പ്രത്യേക രൂപം മാത്രമാണ് ആവശ്യമായിരുന്നത്. അതിന് സഹായിക്കുന്ന രാസപ്രവർത്തനങ്ങൾ വികസിപ്പിച്ചു എന്നതാണ് ഇരു ശാസ്ത്രജ്ഞരുടെയും പ്രധാന നേട്ടം.

ഫ്രഞ്ച് രസതന്ത്രജ്ഞനും അസിമെട്രിക് കാറ്റാലിസിസ് രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞനുമാണ് ഹെൻട്രി ബി കാഗൻ. നിലവിൽ ഫ്രാൻസിലെ പാരീസ്-സുഡ് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ എമിരറ്റസായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. അസിമെട്രിക് ഓർഗാനിക് സംശ്ലേഷണത്തിൽ ഉൽപ്രേരകങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായകമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. ഒരേ തന്മാത്രയുടെ രണ്ട് വ്യത്യസ്ത മിറർ ഇമേജുകളിൽ ഒന്ന് മറ്റൊന്നിനേക്കാൾ എങ്ങനെ മുൻഗണന നേടുന്നുവെന്ന നൂറ്റാണ്ടുകളായി ഉത്തരം കിട്ടാത്ത ശാസ്ത്രീയ ചോദ്യത്തിന് ഉത്തരം നൽകാൻ അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് കഴിഞ്ഞു.

ജാപ്പനീസ് ഓ‌ർഗാനിക് രസതന്ത്രജ്ഞനാണ് കെൻസോ സോയ്. നിലവിൽ ടോക്കിയോ യൂണിവേഴ്സിറ്രി ഓഫ് സയൻസിലെ പ്രൊഫസറാണ് അദ്ദേഹം. ജീവന്റെ ഉത്ഭവത്തിന് കാരണമായ തന്മാത്രകളുടെ പ്രത്യേക ഘടനയായ കൈരാലിറ്റി എങ്ങനെ രൂപപ്പെട്ടുവെന്ന് വിശദീകരിക്കാൻ സഹായിക്കുന്ന പരീക്ഷണം അദ്ദേഹം നടത്തി. അദ്ദേഹം വികസിപ്പെച്ചെടുത്ത ഈ രാസപ്രവർത്തത്തിനെ രസതന്ത്ര ലോകത്ത് സോയ് റിയാക്ഷൻ എന്നാണ് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *