പശ്ചിമബംഗാളിൽ ബിജെപി തരംഗം;നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം , അസമിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

കൊൽക്കത്ത: പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ബിജെപി സ്ഥാനാർഥികൾക്ക് വൻ മുന്നേറ്റം. നന്ദിഗ്രാമിലും റെജിനഗറിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ബിജെപി സ്ഥാനാർഥികൾക്ക് വ്യക്തമായ ലീഡ്. നന്ദിഗ്രാമിൽ ഹസിറാണി രഥ് എണ്ണിയ വോട്ടുകളുടെ 78.33 ശതമാനവും റെജിനഗറിൽ ഷങ്കരവ് സർക്കാർ 86.83 ശതമാനവും നേടി മുന്നിലെത്തി.

പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി 10,000ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നന്ദിഗ്രാമിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഭവാനിപൂരിലും ജയിച്ച സുവേന്ദു നന്ദിഗ്രാം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൊല്ലപ്പെട്ട തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ അമ്മ ഹസീറാണി രഥിന് ആണ് സുവേന്ദു ഇവിടെ സീറ്റ് നൽകിയത്. പകുതി റൗണ്ടുകൾ എണ്ണിത്തീർന്നപ്പോൾ തന്നെ കഴിഞ്ഞ തവണ സുവേന്ദു അധികാരി നേടിയതിന്റെ ആറിരട്ടി ലീഡാണ് ഹസീറാണിക്കുള്ളത്.മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന നന്ദിഗ്രാം, 2011-ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ച മണ്ഡലമാണ്.

അതേസമയം അസമിലെ ലോക്സഭാ സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത് ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന നഗാവ് ലോക്സഭാ സീറ്റിൽ 85,000 വോട്ടിന്റെ ലീഡാണ് ബിജെപി സ്ഥാനാർത്ഥി നേടിയിരിക്കുന്നത്.പകുതി റൗണ്ടുകൾ പിന്നിട്ടപ്പോൾ ബിജെപിയുടെ ദേബാശിഷ് ശർമ്മ 85,000 വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ നേടിയിരിക്കുന്നത്.അസമിലെ ഈ സീറ്റ് പിടിക്കുന്നതോടെ ലോക്സഭയിലെ ബിജെപി അംഗസംഖ്യ 241 ആയി ഉയരും.ഇലക്ഷൻ കമ്മീഷനെതിരെ തെരുവിൽ പ്രതിഷേധം അലയടിക്കുമ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇതിന്റെ പ്രതിഫലനം ദൃശ്യമല്ല. അസമിൽ 2024ൽ നഗാവ് ലോക്സഭാ സീറ്റിൽ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്. കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *