പത്തനംത്തിട്ട: വിപുലീകൃത ജില്ലാ കമ്മറ്റിക്ക് പിന്നാലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. ലോക്കൽ സെക്രട്ടറിക്കും ഒരു ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെ നല്‍കിയ പീഡന പരാതിയില്‍ നടപടി എടുത്തില്ലെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയില്‍ യാതൊരു നടപടിയുമില്ലെന്നും ആക്ഷേപമുണ്ട്. കോഴഞ്ചേരിയിൽ പാർട്ടി വിടാൻ കൂടുതൽ നേതാക്കൾ സന്നദ്ധരാണെന്നാണ് വിവരം.
ഇന്നലെ കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടിം ടൈറ്റസ് രാജി വെച്ചിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയെ തുടർന്നായിരുന്നു രാജി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും ഒഴിയുമെന്ന് ടിം ടൈറ്റസ് അറിയിച്ചിരുന്നു.
അതേസമയം സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലക്കാട് അവസാനിച്ചതിന് പിന്നാലെ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റി പകരം വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കിയതിന് പിന്നിൽ വനിതാ അഭിഭാഷകയുടെ പീഡന പരാതിയാണെന്ന വിവരം പുറത്തുവന്നിരുന്നു.