തുലാവര്‍ഷം എത്തുന്നു; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും

കേരളത്തില്‍ തുലാവര്‍ഷം അടുത്ത ദിവസങ്ങളില്‍ എത്തുന്നതോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതിനൊപ്പം തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം സജീവമാകുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 15 മുതല്‍ 18 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്‌ടോബര്‍ 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഒക്ടടോബര്‍ 16-ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മന്നാര്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്‌നാട് തീരത്തും, സമുദ്രനിരപ്പില്‍ നിന്ന് 0.9 കി.മീ.ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *