അവസാനം കളത്തിലിറങ്ങാൻ വിജയ്; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ ടിവികെ പങ്കെടുക്കും

ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാൻ തമിഴക വെട്രി കഴകം (ടിവികെ)​. നാളെ ചെന്നൈയിൽ നടക്കുന്ന പൊതുയോഗത്തിൽ ടിവികെ മന്ത്രി രാജ് മോഹനും പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ തമി‌ഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ്‌യുമുള്ള ചിത്രം യോഗത്തിന്റെ പോസ്റ്ററിലുണ്ട്. ഡൽഹിയിലെ പ്രതിഷേധത്തിൽ ടിവികെ പങ്കെടുക്കാത്തത് വലിയ ചർച്ചയായിരുന്നു.

രാഹുൽ ഗാന്ധി ഒക്ടോബർ 10ന് ചെന്നൈയിലെത്തി മുഖ്യമന്ത്രി വിജയ്‌യുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യ മുന്നണിയുടെ പരിപാടികളിൽ വിജയ്‌യുടെ സഹകരണം രാഹുൽ തേടിയെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ഇന്ത്യാ സഖ്യ യോഗത്തിൽ ടിവികെ ഭാഗമാകുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്ന ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ഡിഎംകെയിൽനിന്ന് കോൺഗ്രസ് അകന്നു. ഇതോടെ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളിൽ കോൺഗ്രസ് ടിവികെ ബന്ധം നിർണായകമാവുകയായിരുന്നു. ഒക്ടോബർ മൂന്നിനാണ് ഇന്ത്യാ സഖ്യത്തിൽ ടിവികെ ഭാഗമാകുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ ചെന്നൈയിൽ 140 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബസന്ത് നഗർ എലിയട്ട് ബീച്ചിൽ നിന്ന് 40 യുവാക്കളെയും സെക്രട്ടേറിയേറ്റിന് സമീപത്ത് നിന്ന് എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളിൽപ്പെട്ട 100 പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുവാക്കൾ ബസന്ത് നഗർ ബീച്ചിൽ ഒത്തുചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *