ട്രെയിന്‍ യാത്രയ്ക്കിടെ അത്യാവശ്യ സാധനങ്ങൾ വീട്ടിൽ വെച്ച് മറന്നാലും ഇനി വിഷമിക്കേണ്ടതില്ല! യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്കുകളിലോ എത്തിച്ചുനല്കാന് സതേണ്‍ റെയില്‍വേ പദ്ധതിയിടുന്നു.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വഴി നിലവിൽ ലഭ്യമാകുന്ന ഭക്ഷണ ഡെലിവറിക്ക് പുറമെയാണ് ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് നിത്യോപയോഗ സാധനങ്ങൾ കൂടി യാത്രക്കാരിലേക്ക് എത്തിക്കാൻ റെയിൽവേ പദ്ധതിയിടുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്, കായംകുളം ജങ്ഷന്, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്, ആലുവ, തൃശൂര്‍ എന്നീ 10 സ്റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷനില്‍ ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. കോഴിക്കോട്, പാലക്കാട് ജങ്ഷന്, കണ്ണൂര്‍, ഷൊര്‍ണൂര്‍, കാസര്‍കോട്, തലശ്ശേരി, തിരൂര്‍, വടകര, പയ്യന്നൂര്‍, കൊയിലാണ്ടി, ഒറ്റപ്പാലം എന്നീ 11 സ്റ്റേഷനുകളാണ് പാലക്കാട് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ വ്യാപാരികള്‍ക്കായി കിയോസ്ക് സജ്ജീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യാനുസരണം സാധനങ്ങള്‍ ട്രെയിനുകളില്‍ നേരിട്ട് എത്തിച്ചുനല്കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. യാത്ര കഴിഞ്ഞ് സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി ഈ കിയോസ്കുകള്‍ പ്രത്യേക ഡെലിവറി പോയിന്റുകളായും പ്രവര്‍ത്തിക്കും.
ഉദാഹരണത്തിന്, ഒരു യാത്രകന് ട്രെയിനിറങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഈ കിയോസ്ക് ഡെലിവറി പോയിന്റായി തെരഞ്ഞെടുത്ത് വഴിയില്‍ വെച്ച് സാധനങ്ങള്‍ കൈപ്പറ്റാം. കൂടാതെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും ഓര്‍ഡര്‍ ചെയ്യാം. ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത് യാത്രക്കാര്‍ക്ക് രണ്ട് സൗകര്യങ്ങളും നല്‍കുന്നുവെന്നും ഉദ്യോഗസ്ഥന് കൂട്ടിച്ചേര്‍ത്തു.