കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതികളായ സുഹൈൽ സജീവ്, നിനവ്, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. എറണാകുളം ജില്ലാ കോടതിയാണ് വിധി പ്രസ്താവിക്കുക. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ സാക്ഷിമൊഴികൾ ഇനിയും രേഖപ്പെടുത്താനുള്ളതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
അതിനിടെ, മുഖ്യപ്രതി സുഹൈൽ സജീവിന് തിരിച്ചടിയായി കേസിലെ മൂന്നാം പ്രതി ജോയലിന്റെ ശബ്ദസന്ദേശം പോലീസിന് ലഭിച്ചു. അപകടം നടന്ന ദിവസം രാവിലെ 9.25ന് ജോയൽ സുഹൃത്തിന് അയച്ച സന്ദേശം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ബാറിൽ പോയി മദ്യപിച്ചെന്നും മദ്യപിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്നും സ്കൂട്ടറിൽ ഇടിച്ച് മൂന്നുപേർ തെറിച്ചുവീണെന്നും സന്ദേശത്തിൽ പറയുന്നതായാണ് വിവരം. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് പോകാൻ നിനവ് തന്നോടും അമീനോടും ആവശ്യപ്പെട്ടതായും ജോയൽ പറയുന്നുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ താൻ ഇപ്പോഴും വിറയ്ക്കുകയാണെന്നും സുഹൈൽ തന്റെ പിതാവ് കാര്യങ്ങൾ നോക്കിക്കൊള്ളുമെന്ന് പറഞ്ഞതായും സന്ദേശത്തിലുണ്ട്.
ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശേരി അത്താണി സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. മിനി കൂപ്പർ കാറും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവും മരിച്ചു. വയനാട് മടക്കിമല സ്വദേശി ദേവിക (21), മംഗളൂരു സുള്ള്യ സ്വദേശി ഇയാസ് (21), പാലക്കാട് കരിമ്പ സ്വദേശി ഗോപിക (21) എന്നിവരാണ് മരിച്ചത്.