കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷാവിധി നവം 12 ന് നടക്കും . എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്. എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. 33 പ്രതികളുള്ള കേസില്‍ 32 ാം പ്രതിയാണ് സിപിഐഎം നേതാവ് പി. ജയരാജന്‍. 33 ാം പ്രതിയാണ് ടി.വി. രാജേഷ്.
തളിപ്പറമ്പിന് സമീപം ചുള്ളിയോട് വയലില്‍ വെച്ച് ഷുക്കൂറിനെയും സുഹൃത്തിനെയും തടഞ്ഞുവെക്കുകയും, മണിക്കൂറുകളോളം പരസ്യവിചാരണയ്ക്ക് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് കുറ്റപത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിന് സമീപം പട്ടുവം അരിയില്‍ നടന്ന സംഭവം കേരള രാഷ്ട്രീയത്തിലും നിയമവൃത്തങ്ങളിലും ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കേസാണ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഷുക്കൂര്‍ ആക്രമിക്കപ്പെട്ടത്.
കേരള പൊലീസിന്റെ പ്രാരംഭ അന്വേഷണത്തിന് ശേഷം, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സി.ബി.ഐ ചുമത്തിയിട്ടുള്ളത്. വിചാരണയ്ക്കിടെ ചില പ്രതികള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.