ന്യൂഡൽഹി: 137 ജനറിക്, ബയോസിമിലർ കാൻസർ മരുന്നുകളുടെ 643 ബ്രാൻഡുകളുടെ വില പുതുക്കി നിശ്ചയിച്ചു. ഇതോടെ 72 കാൻസർ മരുന്നുകൾക്ക് വില കുറയും. ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയാണ് (എൻപിപിഎ) പുതുക്കിയ ചില്ലറ വിൽപ്പന വില പ്രസിദ്ധീകരിച്ചത്.
നോൺ ഷെഡ്യൂൾ കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് നടപടി. പുതുക്കിയ വിലകൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും. 72 മരുന്നുകൾക്ക് 93 ശതമാനം വരെ വിലക്കുറവുണ്ടാകും.
സ്തനാർബുദത്തിനുള്ള പാൽബാപ്രോയുടെ 21 ഗുളികകളടങ്ങിയ പായ്ക്കറ്റിന്റെ വില 40,421 രൂപയിൽ നിന്ന് 2,720 രൂപയായി കുറഞ്ഞു. പ്രോസ്റ്റേറ്റ് കാൻസറിനുള്ള അബിറാലൈവിന്റെ 120 ഗുളികകളുടെ വില 28,000 രൂപയിൽ നിന്ന് 4,840 രൂപയായും സ്തനാർബുദത്തിനുള്ള വോമസോളിന്റെ 10 ഗുളികകളുടെ വില 458 രൂപയിൽ നിന്ന് 39.52 രൂപയായും കുറഞ്ഞു. എന്നാൽ, ഉയർന്ന വിലയുള്ളതും ഒറ്റ നിർമാതാവ് മാത്രമുള്ളതുമായ 65 പേറ്റന്റ് മരുന്നുകളുടെ വിലയിൽ മാറ്റമില്ല.
വിലയില്‍ ഇളവില്ലാത്ത മരുന്നുകള്‍
65 പ്രധാനമരുന്നുകളുടെ വിലയില്‍ മാറ്റമില്ല. കാന്‍സര്‍ പ്രതിരോധത്തിനുള്ള പ്രധാന ഇമ്യൂണോതെറാപ്പി മരുന്നായ 'കീട്രൂഡ'യുടെ വില 100 മില്ലിഗ്രാമിന്റെ ഒരു വയലിന് 2,16,500 ആയി തുടരും. മറ്റൊരു ഇമ്യൂണോതെറാപ്പി മരുന്നായ 'ജെമ്പര്‍ലി' ( 10 മില്ലിലിറ്റര്‍ വയലിന് 1,90,691 രൂപ), 'ഇംഫിന്‍സി' ( 10 മില്ലിലിറ്റര്‍ വയലിന് 1,71,324 രൂപ), ശ്വാസകോശ അര്‍ബുദത്തിനെതിരെയുള്ള 'ടാഗ്രിസോ' ( 80 എംജിയുടെ 10 ഗുളികയ്ക്ക് 1,38,830 രൂപ), 'അലെസെന്‍സ' (150മില്ലിഗ്രാമിന്റെ 224 ഗുളികകള്‍ക്ക് 4,30,696 രൂപ) എന്നിങ്ങനെ വില മാറ്റമില്ലാതെ തുടരുകയാണ്.