ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന്റെ വീഡിയോ പങ്കുവച്ചെന്ന ആരോപണം നേരിട്ടിരുന്ന മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.എം. തഹ്സിഫ് സൗരി (28)യെയാണ് ഒക്ടോബർ 28ന് ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹസീന രാജ്യം വിട്ട വീഡിയോ പങ്കുവച്ചതിനെത്തുടർന്ന് മകൻ നിരന്തരമായി പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ധാക്കയിലെ ഉത്തർഖാൻ മേഖലയിലുള്ള രാജബാരി ഘട്ടിന് സമീപമാണ് തഹ്സിഫിന്റെ മൃതദേഹം കണ്ടെടുത്തത്. ഒക്ടോബർ 27 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ദേശീയ അടിയന്തര സഹായ നമ്പറിലേക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് വൈകിട്ട് 4.30ഓടെ പൊലീസ് നദിയിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം തഹ്സിഫിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കൈവശമുണ്ടായിരുന്ന വാച്ചും കണ്ടെത്തി. മൃതദേഹം ധാക്കയിലെ ഷഹീദ് സുഹ്രാവർദി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. മേൽ നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സൈനിക ഹെലികോപ്ടറിൽ നിന്നുള്ള വീഡിയോയായി പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി തഹ്സിഫാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സാധാരണ പൗരനെന്ന നിലയിൽ മറ്റൊരാൾ പകർത്തിയ വീഡിയോ മാത്രമാണ് മകൻ പങ്കുവച്ചതെന്നാണ് കുടുംബത്തിന്റെ വിശദീകരണം.
തഹ്സിഫിന്റെ ബന്ധുവായ മൊഷ്ഫെക്ക ജഹാൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ, വീഡിയോ പങ്കുവച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് ആരോപിച്ചു. ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചതല്ലാതെ തഹ്സിഫ് എന്ത് തെറ്റാണ് ചെയ്തതെന്നും അവർ ചോദിക്കുന്നു. വീഡിയോ ഇയാൾ സ്വയം പകർത്തിയതല്ലെന്നും സഹപ്രവർത്തകനാണ് പകർത്തിയതെന്നും കുറിപ്പിൽ പറയുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് തഹ്സിഫ് നിരന്തരം പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നും സർവീസിൽനിന്ന് ഒഴിവാക്കിയിട്ടും മാനസികമായി പീഡിപ്പിക്കുന്നത് തുടർന്നുവെന്നും ബന്ധു ആരോപിച്ചു.
തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ 2024 ജൂണിൽ ബംഗ്ലാദേശ് സർക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന അധികാരത്തിൽനിന്ന് പുറത്തായത്. തുടർന്ന് ബംഗ്ലാദേശ് സൈനിക വിമാനത്തിൽ ഹസീനയെ ഇന്ത്യയിലെത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനുശേഷം ഇവർ ഇന്ത്യയിൽ ഒളിവുജീവിതം നയിക്കുകയാണ്. ഹസീനയ്ക്ക് ബംഗ്ലാദേശ് സർക്കാർ വധശിക്ഷ വിധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് തഹ്സിഫിന്റെ ദുരൂഹമരണം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.