ഉന്നതതല ഗൂഡാലോചന നടന്നെന്ന് സംശയം ; പി.എസ്.സി. ചെയര്‍മാനും പ്രതിയായേക്കും

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ശക്തമായ നടപടിയിലേക്ക്. പി.എസ്.സി. ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ പ്രതിയാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം എം.ആര്‍. ബൈജു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുകയും അഞ്ചു മണിക്കൂറോളം സമയം ചോദ്യം ചെയ്യല്‍ നേരിടുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേടുണ്ട്. ചെയര്‍മാനെതിരേ ചിലര്‍ മൊഴി നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും ചെയര്‍മാനെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. അങ്ങിനെ വന്നാല്‍ പി.എസ്.സി. ചെയര്‍മാനെ പ്രതി ചേര്‍ക്കുന്ന കാര്യം അന്വേഷണസംഘം പരിശോധിക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉത്തരക്കടലാസ് തടഞ്ഞു വെക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയര്‍മാന്റെ അറിവോടെയല്ലാതെ നടക്കില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. പി.എസ്. സി. നടത്തിയ മൂന്ന് പരീക്ഷകളിലാണ് എഫ്.ഐ.ആര്‍. ഇട്ടിട്ടുള്ളതെങ്കിലും അനേകം പരീക്ഷകളില്‍ നിരവധി പരാതികള്‍ വന്നിട്ടുണ്ടെന്നാണ് വിവരം.

പി.എസ്.സി. സെക്രട്ടറിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശമുണ്ട്. സാജു ജോര്‍ജ്ജിന് നോട്ടീസും നല്‍കി. പരീക്ഷാ കണ്‍ട്രോളറെയും ചോദ്യം ചെയ്യും. 10 പി.എസ്. സി. അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. അതിനിടയില്‍ പരീക്ഷാക്രമക്കേടിലെ മറ്റൊരു പ്രതിയായ ആര്‍ ഹരിക്കുള്ള അന്വേഷണവും തുടരുകയാണ്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വീടും പൂട്ടിയിരിക്കുകയാണ്. ഹരിയെ പിടികൂടിയാല്‍ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *