എൽപിജി, വളം ക്ഷാമത്തെക്കുറിച്ച് അഭ്യൂഹങ്ങൾ; പ്രതിപക്ഷം പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ബനാസ്‌കാന്ത: ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാസവളത്തിന്റെയും പാചകവാതകത്തിന്റെയും (എൽപിജി) ക്ഷാമത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ വ്യാജപ്രചരണം നടത്തുകയാണെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കർഷകർക്കും പൊതുജനങ്ങൾക്കും ഇടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ ബനാസ്‌കാന്തയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഗൾഫ് മേഖലയിലെ സാഹചര്യം കാരണം നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ പ്രധാനമന്ത്രി അംഗീകരിച്ചെങ്കിലും, ചില രാഷ്ട്രീയ എതിരാളികൾ ഈ പ്രതിസന്ധി ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. "ഇന്ന്, രാജ്യത്തെ ഓരോ കർഷകനും യുവാക്കളും സ്ത്രീകളും വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ്. നിർഭാഗ്യവശാൽ, ചിലർക്ക് ഇത് ഇഷ്ടപ്പെടുന്നില്ല. രാജ്യം പ്രയാസത്തിലാകുന്നത് കാണാൻ ആഗ്രഹിക്കുന്ന ആളുകളാണിവർ" , പ്രധാനമന്ത്രി പറഞ്ഞു.

വള ലഭ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാരണം കർഷകർ ക്യൂ നിൽക്കാൻ നിർബന്ധിതരായെന്നും പാചകവാതക ലഭ്യതയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ അടുക്കള കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ചും കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെക്കുറിച്ചും സ്ത്രീകളിൽ ആശങ്ക ഉണ്ടാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനും തന്റെ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുമാണ് പ്രതിപക്ഷം ലക്ഷ്യമിട്ടതെന്ന് മോദി പറഞ്ഞു.

രാജ്യത്ത് കുഴപ്പങ്ങൾ സൃഷ്ടിച്ച് തന്നെ അധിക്ഷേപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കർഷകരുടെ ഒപ്പം ഉറച്ചുനിൽക്കുമെന്ന് താൻ ഉറപ്പുനൽകിയത് രാജ്യത്തെ കർഷകരെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി, യുദ്ധം ഇപ്പോഴും തുടരുകയാണ്, എന്നാൽ കർഷകർക്ക് രാസവളത്തിന്റെ ക്ഷാമം നേരിടേണ്ടി വരുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിൽ വളങ്ങളുടെ വില വർദ്ധിച്ചപ്പോഴും അതിന്റെ ഭാരം കർഷകരിൽ അടിച്ചേൽപ്പിക്കാതിരിക്കാൻ സർക്കാർ സർക്കാർ 16 ലക്ഷം കോടി രൂപ ചെലവഴിച്ചു അദ്ദേഹം എടുത്തുപറഞ്ഞു.

പിഎം-കിസാൻ പദ്ധതിയുടെ 24-മത് ഗഡു തുക കൈമാറുന്നതിനിടെ കൃഷി മേഖലയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചും മോദി സംസാരിച്ചു. “ഇന്ന്, പിഎം-കിസാന്റെ മറ്റൊരു ഗഡു കൂടി രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിരിക്കുന്നു. നമ്മുടെ കർഷകരും നമ്മുടെ അന്നദാതാക്കളും രാജ്യത്തിന്റെ ഏറ്റവും ശക്തമായ തൂണുകളിൽ ഒന്നാണ്. നമ്മുടെ കർഷകരെ ശാക്തീകരിക്കുന്നതിന് ഞങ്ങളുടെ സർക്കാർ എപ്പോഴും മുൻഗണന നൽകിയിട്ടുണ്ട്," മോദി പറഞ്ഞു.

ഈ ഘട്ടത്തിൽ രാജ്യത്തുടനീളമുള്ള കർഷകർക്കായി 19,000 കോടി രൂപ നേരിട്ട് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. കൃഷിയുടെയും അനുബന്ധ മേഖലകളുടെയും പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സാങ്കേതികവിദ്യ ഇന്ത്യയുടെ കാർഷിക വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി മാറിയെന്ന് പറഞ്ഞു. "കൃഷിയാണ് നമ്മുടെ സംസ്കാരം. കൃഷിയെയും മൃഗസംരക്ഷണത്തെയും ഞങ്ങൾ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചു. ഇന്ന് 26 കോടിയിലധികം മണ്ണ് പരിശോധനാ കാർഡുകൾ കർഷകർ പ്രയോജനപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ ഓർമ്മകളും മോദി പങ്കുവെച്ചു. 2001 ഒക്ടോബർ 7-നായിരുന്നു അദ്ദേഹം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പരിപാടിയിൽ പങ്കെടുത്തവർക്കായി ഒരുക്കിയ പരമ്പരാഗത കട്ടിലുകളെക്കുറിച്ചും അദ്ദേഹം തമാശരൂപേണ സംസാരിച്ചു. ഗുജറാത്ത് സന്ദർശനത്തിനിടെ, ബനാസ്‌കാന്തയിലെ ഭിൽഡിയിൽ 127 ഏക്കറിലുള്ള ഭാരത് ബോവിൻ ബ്രീഡിംഗ് ആൻഡ് റിസർച്ച് സെന്റർ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

തരാദ്, രാധൻപൂർ എന്നിവിടങ്ങളിൽ ബനാസ് ഡെയറി നിർമ്മിക്കുന്ന രണ്ട് ബയോ-സിഎൻജി പ്ലാന്റുകളുടെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിച്ചു. ഈ പ്ലാന്റുകളിൽ പ്രതിദിനം യഥാക്രമം 75 മെട്രിക് ടണ്ണും 100 മെട്രിക് ടണ്ണും ചാണകം സംസ്കരിക്കും. കൂടാതെ, ഏകദേശം 1.46 ലക്ഷം ഹെക്ടറിലായി വ്യാപിപ്പിച്ച 12 ഹോർട്ടികൾച്ചർ ക്ലസ്റ്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *