ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഉദ്യോഗാർഥികളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒക്ടോബർ 30 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിന്റെ ഉയർന്ന പ്രായപരിധി 32ൽ നിന്ന് 37 ആയും സംവരണ വിഭാഗങ്ങളുടേത് 37ൽ നിന്ന് 42 ആയും ഉയർത്തി. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ജനറൽ വിഭാഗത്തിൽ 42ൽ നിന്ന് 47 ആയും സംവരണ വിഭാഗത്തിൽ 47ൽ നിന്ന് 52 ആയും പ്രായപരിധി വർധിപ്പിച്ചു.
ഗ്രൂപ്പ് II, ഗ്രൂപ്പ് II-A സർവീസുകളിൽ ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 30ൽ നിന്ന് 35 ആയും ഭിന്നശേഷിക്കാരായ ജനറൽ വിഭാഗം ഉദ്യോഗാർഥികളുടേത് 40ൽ നിന്ന് 45 ആയും ഉയർത്തി. ഈ വിഭാഗങ്ങളിലെ സംവരണ വിഭാഗം ഉദ്യോഗാർഥികൾക്ക് നിലവിൽ ഉയർന്ന പ്രായപരിധിയില്ല. നിലവിലുള്ള മറ്റ് പ്രായപരിധി ഇളവുകൾക്ക് പുറമേയാണ് പുതിയ അഞ്ച് വർഷത്തെ ഇളവ് അനുവദിച്ചിരിക്കുന്നത്.