തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ എക്‌സൈസ് വകുപ്പ്. മന്ത്രിയുടെ അറിവോ അനുവാദമോ ഇല്ലാതെ മൂവാറ്റുപുഴയില്‍ പുതിയ ബാര്‍ ലൈസന്‍സ് നല്‍കിയ സംഭവത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നടപടിയില്‍ മന്ത്രിക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്.
മന്ത്രിയുടെ ഓഫീസ് അറിയാതെ തുടര്‍ച്ചയായി നയപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കുന്നതില്‍ മന്ത്രി വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വകുപ്പിനെ പ്രതിരോധത്തിലും രാഷ്ട്രീയമായി വിമര്‍ശനത്തിനും ഇടയാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നു. കൂടിയാലോചന ഇല്ലാതെ എടുക്കുന്ന തീരുമാനം കോണ്‍ഗ്രസിനെ കൂടി പ്രതിസന്ധിയിലാക്കുന്നു. എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവറാവു ഐഎസിനോട് മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
അപേക്ഷ സമര്‍പ്പിച്ച് വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ലൈസന്‍സ് അനുവദിച്ചതാണ് ദുരൂഹതയ്ക്ക് ഇടയാക്കിയത്. ജൂണ്‍ 23-ന് നല്‍കിയ അപേക്ഷയില്‍ ജൂണ്‍ 24-ഓടെ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥരും ലൈസന്‍സ് നേടിയവരും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. മുന്‍കാലങ്ങളിലും ഇവര്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.
എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സതീഷ്, കോട്ടയം ഇന്‍-ചാര്‍ജ് ചുമതലയുണ്ടായിരുന്ന പത്തനംതിട്ട ഡി.സി. ഷിബു പി.എല്‍ എന്നിവരെയാണ് ഈ ഗുരുതര വീഴ്ചയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സുകള്‍ യാതൊരു മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങളുമില്ലാതെ ബാര്‍ ലൈസന്‍സുകളായി തരംമാറ്റി നല്‍കുകയായിരുന്നു. മന്ത്രിയുടെ അറിവില്ലാതെ ഇത്തരം സംവിധാനങ്ങളും നീക്കങ്ങളും നടപ്പിലാക്കിയാല്‍ കര്‍ശന തിരുത്തല്‍ നടപടികള്‍ ഉണ്ടാകുമെന്നും, ഇനി മുതല്‍ എക്‌സൈസ് വകുപ്പിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി ഒരു നീക്കവും അനുവദിക്കില്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
പുതിയ മദ്യനയം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്‍പ് തിടുക്കപ്പെട്ട് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ ലംഘിച്ച് ഒത്തുകളി നടത്തിയത്. മുന്‍പ് 'ഫോര്‍ട്ടി വൈന്‍' വിവാദത്തിലുള്‍പ്പെട്ട് ചാലക്കുടിയിലെ ഒരു ബേക്കറിക്ക് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെയും സമാനമായ രീതിയില്‍ വകുപ്പ് മാറ്റിനിര്‍ത്തിയിരുന്നു.