ന്യൂഡല്‍ഹി: വിമാന യാത്രാ നിരക്കില്‍ 700% വര്‍ദ്ധനവുണ്ടായെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ വിമാനയാത്ര ചെയ്യാതിരുന്നാല്‍ മതി യെന്ന് സുപ്രീം കോടതിയുടെ മറുപടി. വിമാന യാത്രാ നിരക്കിലെ കുതിച്ചുചാട്ടത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിങ്കളാഴ്ചയാണ് സുപ്രീം കോടതിയില്‍ നിന്ന് കടുത്ത പ്രതികരണമുണ്ടായത്. വിമാനത്തില്‍ യാത്ര ചെയ്യരുത് എന്ന് ജസ്റ്റിസ് വിക്രം നാഥ് അഭിഭാഷകനോട് പറഞ്ഞു.
വിമാന യാത്രാ നിരക്കില്‍ 700 ശതമാനം വര്‍ദ്ധനവുണ്ടായതായി അഭിഭാഷകന് കോടതിയില്‍ പരാമര്‍ശിച്ചപ്പോഴാണ് ഈ സംഭാഷണം. വ്യോമയാനം ഒരു അവശ്യ സേവനമാണെന്നും ഇത്തരത്തിലുള്ള ഉയര്‍ന്ന നിരക്കുകള്‍ നിയമത്തിന് മുന്നിലുള്ള സമത്വവും നിയമങ്ങളുടെ തുല്യ സംരക്ഷണവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന് വാദിച്ചു. എന്നാല്‍ വാദം കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന ജസ്റ്റീസ് അടുത്ത കേസ് വിളിച്ചു.
ഉത്സവങ്ങള്‍, അവധിക്കാലങ്ങള്‍, ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള സമയങ്ങള്‍ എന്നിവയില്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നതുള്‍പ്പെടെയുള്ള സ്വകാര്യ എയര്‍ലൈനുകളുടെ വിലനിര്‍ണ്ണയ രീതികളെക്കുറിച്ചുള്ള വിശാലമായ നിയമപരവും നിയന്ത്രണപരവുമായ ചര്‍ച്ചകള്‍ക്കിടയിലാണ് ഈ സംഭവം. സാമൂഹിക പ്രവര്‍ത്തകനായ എസ്. ലക്ഷ്മിനാരായണന് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ജനുവരിയില്‍, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മഹാ കുംഭമേളയിലും മറ്റ് ഉത്സവങ്ങളിലും ഉണ്ടായ ചൂഷണപരമായ വിലനിര്‍ണ്ണയത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഈ പ്രശ്നം ഒരു സംഭവത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ജസ്റ്റിസ് നാഥ് നിരീക്ഷിച്ചിരുന്നു. കൂടാതെ പ്രവചനാതീതമായ നിരക്ക് വ്യതിയാനങ്ങള്‍ പരിഹരിക്കാന്‍ കോടതി ഇടപെടാമെന്ന് ബെഞ്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒരേ ദിവസത്തെ ഒരേ റൂട്ടിലെ ഇക്കോണമി ക്ലാസ് ടിക്കറ്റ് വിലകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി മെയ് മാസത്തിലും കോടതി നിരക്കുകള്‍ യുക്തിസഹമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു എയര്‍ലൈന്‍ 8,000 രൂപ ഈടാക്കുമ്പോള്‍ മറ്റൊന്ന് 18,000 രൂപ ഈടാക്കുന്നതിന്റെ ഉദാഹരണവും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
യാത്രക്കാരുടെ അധിക നിരക്കുകളും കോംപ്ലിമെന്ററി ചെക്ക്-ഇന്‍ ബാഗേജ് അലവന്‍സ് 25 കിലോഗ്രാമില്‍ നിന്ന് 15 കിലോഗ്രാമായി കുറച്ചതും ഇതില്‍ ചോദ്യം ചെയ്യുന്നുണ്ട്. എയര്‍ലൈനുകളുടെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങളെ ഹനിക്കാതെ ന്യായമായ വിലനിര്‍ണ്ണയവും യാത്രക്കാരുടെ സംരക്ഷണവും എങ്ങനെ ഉറപ്പാക്കാം എന്നതാണ് സര്‍ക്കാരിന്റെയും കോടതിയുടെയും മുന്നിലുള്ള വലിയ ചോദ്യം.