‘പതിവായുള്ള രഹസ്യ വിദേശയാത്രകൾ ഒഴിവാക്കൂ’; കൂടുതൽ എം.പിമാരെ ലഭിക്കാൻ രാഹുൽ ഗാന്ധിക്ക് റിജിജുവിന്റെ ഏഴ് നിർദേശങ്ങൾ

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്ത്. കോൺഗ്രസിന് കൂടുതൽ എംപിമാരെ ജയിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഉപദേശങ്ങളുമായാണ് പരിഹാസത്തിന്റെ പുതിയ എപ്പിസോഡ്. രാഹുൽ ഗാന്ധി കൂടുതൽ സമയം ഇന്ത്യയിൽ ചെലവഴിക്കണമെന്നും, വിദേശ രഹസ്യ യാത്രകൾ ഒഴിവാക്കണമെന്നും, ഇന്ത്യ വിരുദ്ധ ആളുകളെ കാണുന്നതും അവരുടെ അജണ്ടകൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും റിജിജു പറഞ്ഞു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിലൂടെയാണ് പാർലമെന്ററി കാര്യ മന്ത്രി കൂടിയായ കിരൺ റിജിജു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഈ 7 നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. "കൂടുതൽ സമയം ഇന്ത്യയിൽ ചെലവഴിക്കുകയും പതിവായുള്ള രഹസ്യ വിദേശ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക" എന്നതാണ് പ്രധാന നിർദ്ദേശം. മുതിർന്ന നേതാക്കളെ ബഹുമാനിക്കാനും അവരുടെ അനുഭവസമ്പത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും അദ്ദേഹം ഉപദേശിച്ചു; ഇത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ സമയം ഇന്ത്യയിൽ ചെലവഴിക്കുക; പതിവായുള്ള രഹസ്യ വിദേശ യാത്രകൾ ഒഴിവാക്കുക. മുതിർന്നവരെ ബഹുമാനിക്കുകയും ഭാരതീയ പാരമ്പര്യമനുസരിച്ച് മുതിർന്നവരിൽ നിന്ന് വിലപ്പെട്ട ജ്ഞാനം ഉൾക്കൊള്ളുകയും ചെയ്യുക. ഇന്ത്യ വിരുദ്ധ ആളുകളെ കാണാതിരിക്കുകയും അവരുടെ അജണ്ട പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. ബിജെപി, ആർഎസ്എസ്, മോദി ജി എന്നിവരോടുള്ള തീവ്രമായ വെറുപ്പ് അവസാനിപ്പിക്കുക. ബിജെപിയെ ഒരു രാഷ്ട്രീയ എതിരാളിയായി മാത്രം കാണുക, ശത്രുവായിട്ടല്ല. പാർലമെന്റിനെ കൂടുതൽ ഗൗരവമായി കാണുകയും എം.പിമാരെ ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാൻ അനുവദിക്കുകയും ചെയ്യുക. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ ആദരിക്കുകയും ചെയ്യുക. കോൺഗ്രസ് പാർട്ടിയെ ഒരു ജനാധിപത്യ പാർട്ടിയായി പ്രവർത്തിക്കാൻ അനുവദിക്കുകയും കുടുംബവാഴ്ച രാഷ്ട്രീയം അവസാനിപ്പിക്കുകയും ചെയ്യുക, എന്നിങ്ങനെ ഏഴ് ഉപദേശങ്ങളാണ് മന്ത്രി നൽകിയിരിക്കുന്നത്.

പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ ചൊവ്വാഴ്ച രാഹുൽ ഗാന്ധി പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. വിദേശ സഹായത്തോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ പരമോന്നത പദവിയിൽ തുടരുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *