ആഗ്ര: പ്രഭാഷണത്തിനിടെ ഭഗവാൻ കൃഷ്ണനെതിരെ അനാവശ്യ പരാമർശം നടത്തിയ സംഭവത്തിൽ മതപ്രഭാഷകനെതിരെ ക്രിമിനൽ കേസ്. മതപ്രഭാഷകൻ ധീരേന്ദ്ര ശാസ്ത്രി എന്ന ബാഗേശ്വർ ബാബയ്ക്കെതിരെയാണ് ആഗ്ര കോടതിയിൽ ഒരു അഭിഭാഷകൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനായ അജയ് പ്രതാപ് സിംഗാണ് ആഗ്ര സിവിൽ കോടതിയിൽ ഹർജി നൽകിയത്. ശ്രീകൃഷ്ണനെ അപകീർത്തിപ്പെടുത്തും വിധം ശാസ്ത്രി പരാമർശം നടത്തിയെന്നും ഇന്ന് മതവികാരത്തെയും ശ്രീകൃഷ്ണന്റെ പിൻതലമുറക്കാരുടെ സാമൂഹിക അന്തസിനെയും ബാധിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
മദ്ധ്യപ്രദേശിലെ ശിവപുരിയിലെ കരേരയിൽ രാമകഥ പറയുന്നതിനിടെയാണ് ധീരേന്ദ്ര ശാസ്ത്രി ശ്രീരാമന്റെയും കൃഷ്ണന്റെയും ശരീരപ്രകൃതിയെ താരതമ്യം ചെയ്ത് സംസാരിച്ചത്. ഇതിനിടെ കൃഷ്ണന് നിൽക്കുമ്പോൾ പോലും മൂന്നിടങ്ങളിൽ വളവുണ്ടെന്ന് ഇയാൾ പരിഹസിച്ചു.
കൃഷ്ണൻ മനുഷ്യരൂപത്തിൽ ജനിച്ചയാളാണെന്നും അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഇന്നും ഇന്ത്യയിലുണ്ടെന്നും പരാതിയിലുണ്ട്. ജാദൂനുകൾ, ജഡേജ, ഭട്ടികൾ ഇത്തരം ജീതിക്കാരാണെന്നും പരാതിയിൽ അജയ് പ്രതാപ് സിംഗ് പറയുന്നു. അമ്മവഴി താനും ശ്രീകൃഷ്ണന്റെ ബന്ധുവാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി വിശദവാദത്തിനായി കേസ് ഡിസംബർ14ലേക്ക് മാറ്റി. സംഭവത്തിൽ സമാദ്വാജി പാർട്ടിയും ബിജെപിയും സംഘാടകർക്കെതിരെ രംഗത്തുവന്നിരുന്നു.