ബിഹാറിലെ കൊടുംകുറ്റവാളി കൊല്ലത്ത് പിടിയിൽ; 11 കേസുകളിൽ പ്രതി, ഇവിടെ ഡ്രൈവറായി ജോലി

കൊല്ലം: ബിഹാറിൽ രാഷ്ട്രീയ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലുൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കൊല്ലത്ത് അറസ്റ്റിൽ. ബിഹാർ സീതാമഠി സ്വദേശിയായ മുഹമ്മദ് അജാജ് അഹമ്മദിനെയാണ് (32) കൊല്ലം ഈസ്റ്റ് പൊലീസ് ചാമക്കടയിൽനിന്ന് പിടികൂടിയത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ബിഹാർ സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സീതാമഠി ജില്ലാ പരിഷത്ത് അംഗവും ആർജെഡി നേതാവുമായ ബൈദ്യനാഥ് മഹ്തോയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളാണ് അജാജ്. സെപ്റ്റംബർ 12ന് ദുംറയിൽ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മഹ്തോയ്ക്ക് വെടിയേറ്റത്. കേസിലെ മുഖ്യപ്രതിയായ ത്രിഭുവനെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2016 മുതൽ കേരളത്തിലുള്ള അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ ഇടയ്ക്കിടെ ബിഹാറിലെത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി ബിഹാർ പൊലീസ് വ്യക്തമാക്കി. 2020ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2012 മുതൽ വിവിധ ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് രേഖകൾ.

അജാജിനെ കണ്ടെത്തുന്നതിനായി ബിഹാർ ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് എസ്.ഐ. രാമായൺ കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാർ പൊലീസ് സംഘം പത്ത് ദിവസം മുൻപ് കേരളത്തിലെത്തി. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ചാമക്കടയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ അജാജിനെ ബിഹാർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *