കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശാ വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.നവംബർ 11 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കി ഉയർത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനം പൂർണ്ണമായും നടപ്പിലാക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അധികാരത്തിൽ വന്നാൽ ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കുമെന്ന് യു.ഡി.എഫ് വാഗ്ദാനം നൽകിയിരുന്നു. 2026 മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധന പ്രഖ്യാപിച്ചു. ഇതോടെ ഓണറേറിയം 9,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർന്നു.
വാഗ്ദാനം ചെയ്ത 21,000 രൂപ പൂർണ്ണമായും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. വർധനവിനെ സ്വാഗതം ചെയ്യുമ്പോഴും 21,000 രൂപ എന്ന ആവശ്യത്തിൽ മാറ്റമില്ലെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.