തിരുവനന്തപുരം: ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സിപി ജോണും സംയുക്ത തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം തത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്. പുതുക്കിയ നിരക്ക് ജനുവരി ഒന്നു മുതലായിരിക്കും നിലവിൽ വരിക.
നിരക്ക് വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കമ്മീഷനെ നിയോഗിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജനുവരി മുതലുള്ള നിരക്ക് വർദ്ധന. ഓട്ടോറിക്ഷയുടെ മിനിമം ചാർജ് നിലവിലെ 30 രൂപയിൽ നിന്ന് 50 രൂപയായും, ടാക്സിയുടേത് 250 രൂപയിൽ നിന്ന് 300 രൂപയായും ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിട്ടുള്ളത്. 2022 ഏപ്രിലിലാണ് ഇതിന് മുൻപ് നിരക്ക് പരിഷ്കരിച്ചത്.
തൊഴിലാളി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. നിരക്ക് പരിഷ്കരിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. അതിനായി കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന് കാര്യത്തിൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ വിശ്രമമുറി സൗകര്യം ഒരുക്കുക്കുക. മഞ്ഞ ബോർഡുകൾ ഇല്ലാത്ത ടാക്സികൾ കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യവും അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.