മുറിയിലെ ഫാനിൽ അമ്മ തൂങ്ങിമരിച്ചു; ഒരു രാത്രി മുഴുവൻ കാലിലിൽ കെട്ടിപ്പിടിച്ചും ഉമ്മവച്ചും മൂന്നുവയസുകാരൻ

അമരാവതി: ജീവനൊടുക്കിയ അമ്മയുടെ അരികിൽ ഒരു രാത്രി മുഴുവൻ ചെലവഴിച്ച മൂന്നുവയസുകാരൻ അബോധാവസ്ഥയിൽ. ആന്ധ്രാപ്രദേശിലെ കുർണൂലിലെ വെങ്കിട്ടരമണ കോളനിയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്. 30കാരിയായ അമ്മ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ആ രാത്രി മുഴുവൻ അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞ കുട്ടിയെ അബോധാവസ്ഥയിൽ തറയിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

അയൽക്കാർ വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അസോണി സ്വദേശി സ്വാതിയാണ് ജീവനൊടുക്കിയത്. മരിച്ച അമ്മയുടെ കാലുകൾ കെട്ടിപ്പിടിച്ചും ഉമ്മവച്ചും കരഞ്ഞും കുട്ടി രാത്രി മുഴുവൻ ഒപ്പം നിന്നു. രാവിലെ സ്വാതിയെ പുറത്ത് കാണാതിരുന്നതിനെ തുടർന്നാണ് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചത്. കർണൂർ സെക്കൻഡ് ടൗൺ പൊലീസ് വന്നാണ് അപ്പാർട്ട്മെന്റിലെ വാതിൽ പൊളിച്ച് അകത്തുകടന്നത്.

അമ്മ കലാവതിക്കും മൂന്നുവയസുകാരനും ഒപ്പമായിരുന്നു സ്വാതി താമസിച്ചിരുന്നത്. നാലുവർഷം മുൻപാണ് ഹൈദരാബാദ് സ്വദേശിയായ ഗണേഷിനെ സ്വാതി വിവാഹം കഴിക്കുന്നത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷമായി ഇരുവരും പിരിഞ്ഞാണ് താമസം. സ്വാതിയുടെ അമ്മ മൂന്നുദിവസം മുൻപ് ഇളയമകളെ കാണാനായി ഹൈദരാബാദിലേക്ക് പോയിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിൽ കടുത്ത സമ്മർദത്തിലായിരുന്നു സ്വാതിയെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ സ്വാതിയുടെ അമ്മ അപ്പാർട്ട്‌മെന്റിൽ തിരിച്ചെത്തി. ഇവരെ പൊലീസ് ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *