തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.
സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രണ്ടാംഘട്ടമായി ഒക്ടോബർ അവസാനം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും.
ഇതിലും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ അറിയിച്ചു. സമരത്തിന് മറ്റ് ബസ് സംഘടനകളുടെ പിന്തുണയും തേടും.
മന്ത്രി സി.പി. ജോണും മുഖ്യമന്ത്രിയും തങ്ങളെ ചേർത്തുനിർത്തുമെന്ന് വാക്കാൽ ഉറപ്പ് നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹംസ എരിക്കുന്നൻ ആരോപിച്ചു.