സംസ്ഥാനത്ത് എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം മേയ് ആദ്യവാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്‌എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ. മാർച്ച് ഒന്ന് മുതലാണ് എസ്‌എസ്‌എൽസി പരീക്ഷകൾ ആരംഭിക്കുന്നത്. 2027 മാർച്ച് 30നാണ് പരീക്ഷകൾ അവസാനിക്കുന്നത്. മാർച്ച് എട്ട് തിങ്കളാഴ്‌ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30നാണ് ആരംഭിക്കുന്നത്. മാർച്ച് എട്ടിലെ പരീക്ഷ ഉച്ചയ്‌ക്ക് രണ്ട് മണിക്കാകും ആരംഭിക്കുക.

ഗൾഫ്, ലക്ഷദ്വീപ് ഉൾപ്പെടെ 3,049 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഗൾഫിലും ലക്ഷദ്വീപിലും ഏഴ് പരീക്ഷാ കേന്ദ്രങ്ങൾ വീതമാണ് അനുവദിച്ചിരിക്കുന്നത്. 4,25,000 വിദ്യാർത്ഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. എസ്‌എസ്‌എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 15ന് അവസാനിക്കും.

എസ്‌എസ്‌എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് 20ന് അവസാനിക്കും. ഏപ്രിൽ നാലിന് മൂല്യനിർണയം ആരംഭിച്ച് 27ന് അവസാനിക്കും. മേയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. നവംബർ 18 മുതൽ പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിക്കും.

ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷം, വൊക്കേഷണൽ ഹയർ സെക്കൻഡറി, കേരള കലാമണ്ഡലം പരീക്ഷകൾ മാർച്ച് രണ്ടിന് ആരംഭിക്കും. മാർച്ച് 30ന് പരീക്ഷകൾ അവസാനിക്കും. മാർച്ച് 12, മാർച്ച് 30 തീയതികളിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്കും മറ്റ് ദിവസങ്ങളിൽ രാവിലെ 9.30നുമാണ് പരീക്ഷകൾ ആരംഭിക്കുക. ഏകദേശം ഒമ്പത് ലക്ഷം വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷയെഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *