കരുതൽ വേണം, വീണ്ടും മഴയെത്തും; മൂന്ന് ചക്രവാതച്ചുഴികൾ സജീവം, ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ സാദ്ധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി നവംബർ 13ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്നാണ് പ്രവചനം. ഇത് തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറാനും സാദ്ധ്യതയുണ്ട്.

നവംബർ 14ഓടെ ന്യൂനമർദം ശക്തിപ്രാപിച്ച് ശക്തിയേറിയ ന്യൂനമർദമായി മാറും. തുടർന്ന് നവംബർ 15ഓടെ ഇതേ മേഖലയിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാനും സാദ്ധ്യതയുണ്ട്.

നിലവിൽ വിവിധ മേഖലകളിലായി മൂന്ന് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലുമാണ് ആദ്യത്തെ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും മറ്റൊരു ചക്രവാതച്ചുഴിയും മന്നാർ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി മൂന്നാമത്തെ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

നവംബർ 12 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ശക്തമായതോ ആയ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഇന്ന് (നവംബർ 12) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിൽ തുടരണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *