ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനും മകൾ ഹർഷിത കേജ്‌രിവാളിനും വധഭീഷണി. ഏഴ് കോടി രൂപ നൽകിയില്ലെങ്കിൽ ഇരുവരെയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ആളാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് റിപ്പോർട്ട്.
ഡൽഹി തിലക് നഗർ മണ്ഡലത്തിലെ ആംആദ്‌മി എംഎൽഎ ജർനൈൽ സിംഗാണ് ഭീഷണി സംബന്ധിച്ച് സന്ദേശം വന്നത്. ഇദ്ദേഹം പൊലീസിൽ പരാതി നൽകി. വിദേശത്ത് വേരുകളുള്ള സംഘത്തിലെ അംഗമാണെന്ന് പറഞ്ഞുകൊണ്ടാണ് വാട്‌സാപ്പ് സന്ദേശവും ഫോൺ കോളും വന്നതെന്ന് എംഎൽഎ പറഞ്ഞു. പഞ്ചാബിലെ മൊഹാലിയിൽ നവംബർ ആറിനാണ് പരാതി നൽകിയത്. ബിഎഎൻഎസ്, ഐടി ആക്‌ട് പ്രകാരമാണ് മൊഹാലി പൊലീസ് കേസെടുത്തത്.
സൈബർ ക്രൈം യൂണിറ്റിലെ സുനിൽ കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. കോൾ റെക്കോർഡുകൾ, മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട ലൊക്കേഷൻ എന്നിവ പരിശോധിച്ചുവരികയാണ്. ഭീഷണി സന്ദേശത്തിന് പിന്നാലെ കേജ്‌രിവാളിന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. 2019ൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്തും കേജ്‌രിവാളിനെതിരെ വധഭീഷണി ഉണ്ടായിട്ടുണ്ട്.