ന്യൂഡൽഹി: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസ് വിട്ട് മുംബയ് ഇന്ത്യൻസിലേക്ക് മടങ്ങാനുള്ള ഹാർദിക് പാണ്ഡ്യയുടെ തീരുമാനം വലിയ പിഴവായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കെയ്‌ഫ്. മുംബയ് ഇന്ത്യൻസുമായുള്ള വൈകാരിക അടുപ്പമാണ് ഹാർദിക്കിനെ അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും അത് താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നും കെയ്‌ഫ് അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗുജറാത്ത് ടൈറ്റൻസ് വിട്ടത് ഹാർദിക്ക് കാണിച്ച വലിയ പിഴവായിരുന്നു. വൈകാരിക തീരുമാനമായിരിക്കും അത്. മുംബയ് ഇന്ത്യൻസുമായുള്ള ബന്ധം അദ്ദേഹത്തെ തിരിച്ചുവരവിന് പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഗുജറാത്തിൽ അദ്ദേഹം ടീമിന്റെ നായകനും വിജയ ശിൽപ്പിയുമായിരുന്നു. എന്നാൽ ആ തീരുമാനം തിരിച്ചടിയായി. ബാറ്റിംഗിലും നായകനെന്ന നിലയിലും പ്രകടനം താഴേക്കുപോയി. മുംബയ് ഇന്ത്യൻസിലെ രണ്ടാം ഘട്ടം എത്രയും വേഗം മറന്ന് മുന്നോട്ടുപോകുന്നതാണ് നല്ലത്', -കെയ്‌ഫ് പറഞ്ഞു.
'നായകനാകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ താരങ്ങളുണ്ട്. എന്നാൽ നായകന്റെ സമ്മർദത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. ഐ.പി.എല്ലിൽ അത് കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. പഞ്ചാബിൽ ഹാർദിക് നായകനല്ലാത്തത് ഗുണം ചെയ്യും. ബാറ്ററായും ബൗളറായും ഫിനിഷറായും പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നതിലാകണം ഇനി ശ്രദ്ധ. മികച്ച താരമാണ് ഹാർദിക് എന്നതിൽ യാതൊരു സംശയമില്ല. ഓൾറൗണ്ടറെന്ന നിലയിലും നായകനെന്ന നിലയിലും ഒരേസമയം തിളങ്ങുക അത്ര എളുപ്പമല്ല', കെയ്‌ഫ് കൂട്ടിച്ചേർത്തു.
2015 മുതൽ 2021 വരെ മുംബയ് ഇന്ത്യൻസിനായി കളിച്ച ഹാർദിക് പിന്നീട് ഗുജറാത്ത് ടൈറ്റൻസിലെത്തുകയായിരുന്നു. ഗുജറാത്തിനെ അരങ്ങേറ്റ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ച താരം തൊട്ടടുത്ത സീസണിൽ റണ്ണറപ്പുകളാക്കുകയും ചെയ്തു. എന്നാൽ മുംബയ്‌ലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ച വിജയം നൽകിയില്ല. മൂന്ന് സീസണുകളിൽ രണ്ടുതവണയും (2024, 2026) ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ ഹാർദിക്കിന് സാധിച്ചില്ല. ഇന്നലെ നടന്ന താരക്കൈമാറ്റത്തിലൂടെയാണ് ഹാർദിക് ഇപ്പോൾ മുംബയ് ഇന്ത്യൻസ് വിട്ട് പഞ്ചാബ് കിംഗ്സിലെത്തിയത്. പകരം പേസർ അർഷ്ദീപ് സിംഗ് മുംബയ് ടീമിലെത്തി.