കൊല്ലം: പ്രണയവിവാഹം ചെയ്തതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ പിടിയിൽ. കൊട്ടാരക്കര ഓയൂരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇളമാട് കോട്ടയ്ക്കാവിള സ്വദേശിയായ ജോണിയെ (59) ഇന്നലെ രാത്രിയാണ് വീട്ടിൽ അതിക്രമിച്ച് കയറി സംഘം തട്ടിക്കൊണ്ടുപോയത്.
ജോണിയുടെ മകൻ മൂന്നുമാസം മുൻപാണ് വിവാഹിതനായത്. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കോടതി ഇടപെടലോടെയായിരുന്നു വിവാഹം. വധുവിന്റെ ഗൾഫിലുള്ള ബന്ധുവായ ആദർശും വരനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. നാട്ടിലെത്തിയ ബന്ധു കടയ്ക്കലിന് സമീപമുള്ള കൂട്ടുകാർക്കൊപ്പം വരനെ തേടി ജോണിയുടെ വീട്ടിലെത്തി. ആ സമയത്ത് മകൻ അവിടെ ഉണ്ടായിരുന്നില്ല. തനിച്ചായിരുന്ന ജോണിയെ ഭീഷണിപ്പെടുത്തിയശേഷം സംഘം തിരിച്ചുപോയി.
പത്തുമണിക്ക് ശേഷം തിരിച്ചുവന്ന സംഘം വീട്ടിൽ കയറി ജോണിയെ ആക്രമിക്കുകയായിരുന്നു. പിന്നീട് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. കാറിൽ വച്ചും ജോണിയെ സംഘം മർദിച്ചു. സംഭവമറിഞ്ഞ് പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ജോണിനെ മോചിപ്പിച്ചു. സംഭവത്തിൽ കടയ്ക്കൽ സ്വദേശി അർജുൻ, വിഷ്ണു, ആസിഫ് എന്നിവരെയും ബന്ധുവായ ആദർശിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയശേഷം പ്രതികളെ റിമാൻഡ് ചെയ്യും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.