ലാൻഡിംഗ് ഗിയർ മടങ്ങുന്നില്ല; 193 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം പൂനെയിൽ തിരിച്ചിറക്കി

പുനെ: ലാൻഡിംഗ് ഗിയറിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് 193 യാത്രക്കാരുമായി ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പൂനെയിലേക്ക് തിരിച്ചുപറന്നു. പറന്നുയർന്ന ഉടൻ തന്നെ വിമാനത്തിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ (എടിസി) അറിയിച്ചിരുന്നു.

പൂനെയിൽ നിന്ന് ഗുവാഹത്തിയിലേക്ക് 192 യാത്രക്കാരും ജീവനക്കാരുമായി സർവീസ് നടത്തിയ 6ഇ 0623 (VT-IZE) ഇൻഡിഗോ വിമാനത്തിനാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ നേരിട്ടത്.വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ഉള്ളിലേക്ക് മടങ്ങുന്നില്ലെന്നും അത് പുറത്തേക്ക് തന്നെയുള്ള അവസ്ഥയിലാണെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൂനെ എയർപോർട്ട് അധികൃതർ എടിസി, ഇൻഡിഗോ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ചേർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു.

ഇന്ത്യൻ വ്യോമസേന 'ഫുൾ എമർജൻസി' പ്രഖ്യാപിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സജ്ജമാക്കി. ഫയർഫോഴ്സ്, ആംബുലൻസുകൾ, മറ്റ് എമർജൻസി ടീമുകൾ എന്നിവരെയും സജ്ജമാക്കിയിരുന്നു. മുൻകരുതൽ എന്ന നിലയിൽ, ലാൻഡിംഗ് ഗിയറിന്റെ അവസ്ഥ ദൃശ്യപരമായി പരിശോധിക്കുന്നതിനായി വിമാനം റൺവേയ്ക്ക് മുകളിലൂടെ താഴ്ന്നു പറന്നു. തുടർന്ന് രാവിലെ 9:04-ഓടെ വിമാനം പൂനെ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ലാൻഡിംഗിന് ശേഷം മൂന്ന് ഫയർ എഞ്ചിനുകളുടെയും രണ്ട് ആംബുലൻസുകളുടെയും അകമ്പടിയോടെ വിമാനം ബേയിലേക്ക് മാറ്റി. വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം രാവിലെ 9:10-ഓടെ എടിസി 'ഫുൾ എമർജൻസി' പിൻവലിച്ചു. തുടർന്ന് ഏറോബ്രിഡ്ജ് ബന്ധിപ്പിച്ച് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 192 പേരും സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *