ആലപ്പുഴ: മാവേലിക്കരയില്‍ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇതരസംസ്ഥാനത്തൊഴിലാളി രണ്ടുവയസുകാരിയായ കുഞ്ഞിനെ തറയിലടിച്ച് കൊലപ്പെടുത്തി. ഭാര്യ റൊണ്ടോവാലിയുമായി വഴക്കിടുന്നതിനിടെയാണ് സംഭവം. ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെ പിതാവ് പരിതോഷ് നിലത്തടിക്കുകയായിരുന്നു. അസം സ്വദേശികളുടെ മകൾ ദീപികയെയാണ് കൊല്ലപ്പെട്ടത്.
അസമിലെ ബാരമതി സ്വദേശി പിതാവ് പരിതോഷ് മൊണ്ടേലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാങ്കാംകുഴി ജങ്ഷന് കിഴക്ക് വെട്ടിയാറിലാണ് പരിതോഷും കുടുബവും വാടകയ്ക്ക് താമസിച്ചിരുന്നത്. മേസ്തിരി പണിക്ക് സഹായിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്.ക്രൂരകൃത്യം നടത്തുമ്പോള്‍ ഇയാൾ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മാതാവിന്റെ മടിയിലിരുന്ന കുഞ്ഞിനെ ഇയാള്‍ ഓടിവന്ന് എടുത്തുകൊണ്ടുപോയി തറയിലടിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 10.30ഓടെ മാതാപിതാക്കള്‍ കുഞ്ഞിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരുക്കുകള്‍ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. കളിക്കുമ്പോള്‍ കുഞ്ഞ് മുറ്റത്ത് വീണു എന്നാണ് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. ഡോക്ടറുമാരുടെ പരിശോധനയില്‍ തലയില്‍ ഉള്‍പ്പെടെ കുഞ്ഞിന്റെ ശരീരത്തില്‍ പലയിടത്തും പരുക്കുകള്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്.
പിന്നീട് പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് പരിതോഷ് കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ മൂത്ത സഹോദരിയേയും ഇയാള്‍ ആക്രമിച്ചതായി വിവരമുണ്ട്.