കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളെ മാത്രം ലക്ഷ്യമിട്ട് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ബാറുകളിൽ നൃത്തവും പാട്ടും പാടില്ലെന്ന് പറയാനാകുമോ എന്നും നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി നിരീക്ഷിച്ചു.
കൊച്ചിയിൽ ഡിജെ പാർട്ടികൾ നിയന്ത്രിച്ച് പൊലീസ് പുറത്തിറക്കിയ സർക്കുലർ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വാദത്തിനിടെയാണ് കോടതി നിർണായക നിരീക്ഷണങ്ങൾ നടത്തിയത്.
ഡിജെ പാർട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നതെന്ന മുൻവിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ആളുകൾ സന്തോഷിക്കാനും വിനോദത്തിനുമായാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. മദ്യാസക്തി ബാറുകളിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാത്രികാലങ്ങളിൽ സിനിമയ്ക്ക് പോകുന്നതല്ലാതെ കേരളത്തിൽ ആളുകൾക്ക് മറ്റെന്താണ് വിനോദത്തിനുള്ളതെന്നും നൈറ്റ് ലൈഫ് എങ്ങനെയാണ് നിരോധിക്കാനാകുകയെന്നും കോടതി ചോദിച്ചു. ക്ഷേത്രങ്ങളിലും പള്ളികളിലും ആളുകൾ നൃത്തം ചെയ്യാറില്ലേയെന്നും നൃത്തം ചെയ്യുന്നത് ലഹരി ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.
ബാർ ലൈസൻസില്ലാത്ത സ്വകാര്യ സ്ഥലത്ത് ഡിജെ പാർട്ടി നടത്തിയാൽ അത് എങ്ങനെ നിരോധിക്കാനാകുമെന്നും ഇത്തരം പരിപാടികൾക്ക് പ്രത്യേക ലൈസൻസ് ആവശ്യമുണ്ടോയെന്നും കോടതി സർക്കാരിനോട് വിശദീകരണം തേടി.
മദ്യവിൽപ്പനയിലൂടെ സർക്കാരിന് വരുമാനം ലഭിക്കുന്നുണ്ടെന്നിരിക്കെ ഡിജെ പാർട്ടികളെ മാത്രം പ്രത്യേകം ലക്ഷ്യമിട്ട് നിയന്ത്രിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഡിജെ പാർട്ടികളെക്കുറിച്ച് മുൻവിധിയില്ലാതെ സമീപിക്കണമെന്ന കോടതിയുടെ നിലപാട് കേസിൽ നിർണായകമായി.