കൊച്ചി: പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടിവന്ന അബ്ദുൾ ജബ്ബാർ നൽകിയ പരാതിയിലാണ് വടക്കൻ പറവൂർ പൊലീസ് കേസെടുത്തത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ പ്രതിചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഡോക്ടറുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജൂലൈ 26നാണ് വലതുകാലിന്റെ പാദത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. രാത്രി ഏഴുമണിയോടെ ആശുപത്രിയിലെത്തിയ അദ്ദേഹത്തെ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വേദനസംഹാരികളും കുത്തിവയ്പ്പും നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. വേദനയ്ക്ക് കുറവുണ്ടാകാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി.
പിറ്റേദിവസം സർജനെ കാണാൻ നിർദേശിച്ച് ഡോക്ടർ മടക്കി അയച്ചെന്നാണ് ജബ്ബാറിന്റെ ആരോപണം. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് രക്തയോട്ടം തടസ്സപ്പെടുന്നതുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നമാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും അറിയിച്ചതെന്നാണ് ജബ്ബാർ പറയുന്നത്. കാൽ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഡോക്ടർമാർ അറിയിച്ചതായി പരാതിയിൽ പറയുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തിയശേഷം ജബ്ബാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മുട്ടിന് താഴെ വലതുകാൽ മുറിച്ചുമാറ്റുകയായിരുന്നു.
താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് കാൽ നഷ്ടപ്പെടാൻ കാരണമെന്ന ജബ്ബാറിന്റെ ആരോപണം നേരത്തെ വിവാദമായിരുന്നു. അതേസമയം, ആരോപണങ്ങൾക്കെതിരെ പറവൂർ നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും ജബ്ബാറിനെ ആശുപത്രിയിലെത്തിച്ചത് സിപിഐഎം പ്രവർത്തകരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിൽ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ വ്യക്തമാകും.