കൊല്ലം: ടാർ മിക്സിംഗ് കേന്ദ്രത്തിൽ നിന്നുള്ള പുക ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി ആരോപണം. കൊട്ടിയത്തെ ഓക്സിലിയം സ്കൂളിലെ മുപ്പതിലേറെ വിദ്യാർത്ഥികളാണ് ആശുപത്രിയിലായത്. ശ്വാസംമുട്ടൽ, തലവേദന, ഛർദി തുടങ്ങിയ പ്രശ്നങ്ങളുമായാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ഓക്സിജൻ സഹായമടക്കം നൽകിയാണ് കുട്ടികളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
നേരത്തേ ടാർ മിക്സിംഗ് കേന്ദ്രത്തിൽ നിന്നുള്ള പുക ശ്വസിച്ച് ഇരുപതിലേറെ വിദ്യാർത്ഥികളെ ആശുപത്രിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ രക്ഷിതാക്കളിൽ നിന്നടക്കം പരാതി ഉയർന്നതോടെ പഞ്ചായത്ത് ഇടപെട്ട് പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചിരുന്നു.
എന്നാൽ പിന്നീട് കോടതിയുടെ അനുമതിയോടെ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. രണ്ടുദിസവം മുമ്പായിരുന്നു വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പ്ലാന്റുമൂലം തങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. എന്നാൽ പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചല്ല കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നാണ് പ്ലാന്റുമായി ബന്ധപ്പെട്ടവർ പറയുന്നത്.