സെക്കൻഡ് ഹാൻഡ് വാഹന വിൽപന പ്രതിസന്ധിയിൽ, കുഴപ്പമായത് പരിവാഹനിലെ ആ പ്രശ്‌നവും ഈ ബുദ്ധിമുട്ടും

കൊല്ലം: റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ പരിവാഹൻ പോർട്ടൽ മാസങ്ങൾ നീണ്ട നവീകരണത്തിനു ശേഷവും പണിമുടക്കുന്നത് പതിവായതോടെ വാഹന ഉടമകൾ വെട്ടിലായി. ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷൻ, വിലാസ മാറ്റം, ഉടമസ്ഥാവകാശ കൈമാറ്റം, വാഹന വായ്പയുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ ചേർക്കൽ, ഒഴിവാക്കൽ എന്നിവയാണ് തടസപ്പെടുന്നത്.

അക്ഷയ, ഇ-സേവ കേന്ദ്രങ്ങളിലെത്തുന്നവർ മണിക്കൂറുകൾ കാത്തിരുന്ന് നിരാശരായി മടങ്ങുകയാണ്.

ആർ.ടി.ഒ ഓഫീസുകൾ സന്ദർശിക്കാതെ ഓൺലൈനായി ചെയ്യേണ്ട നടപടികൾ മുടങ്ങിയതോടെ ആർ.സി ഉടമയുടെ ഫോൺ നമ്പർ മാറ്റുന്നതുപോലെയുള്ള ചെറിയ സേവനങ്ങൾക്കുപോലും സാധാരണക്കാർ നെട്ടോട്ടമോടുന്നു.

സേവനങ്ങളെല്ലാം ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനത്തിലേക്ക് മാറ്റുന്നതിനൊപ്പം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ഒക്ടോബറിൽ പരിവാഹൻ പോർട്ടൽ പരിഷ്‌കരിച്ചത്. എന്നാൽ സെർവർ ശേഷിക്കുറവാണ് പോർട്ടൽ തകരാറിലാകുന്നതിന് കാരണമെന്ന് അധികൃതർ പറയുന്നു. പരിഷ്‌കരണത്തിനു ശേഷവും തുടർച്ചയായി പ്രശ്നങ്ങൾ നേരിടുന്നത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കുപോലും ആശങ്കയുണ്ടാക്കുന്നു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് (എൻ.ഐ.സി) പോർട്ടൽ കൈകാര്യം ചെയ്യുന്നത്.

2020ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ആർ.സി വിവരങ്ങൾ പരിവാഹൻ പോർട്ടലിൽ അപൂർണം

സംസ്ഥാനത്തെ ഒരുകോടിയോളം വാഹനങ്ങളുടെ വിവരങ്ങളിൽ അപാകതകളുണ്ടെന്നാണ് വിവരം.

വാഹനങ്ങളുടെ കുതിരശക്തി, ഭാരം, വീൽബേസ്, പുക വിവരങ്ങൾ തുടങ്ങിയവയിലാണ് തെറ്റുകളെല്ലാം.

ഉടമസ്ഥാവകാശ കൈമാറ്റം, ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കൽ എന്നിവയിൽ തടസം രൂക്ഷം

അപൂർണ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തിരുത്തി പൂർണമാക്കാൻ മോട്ടോർ വാഹനവകുപ്പ് ഓഫീസുകൾക്ക് നിർദേശം.

ഉടമസ്ഥാവകാശ കൈമാറ്റം ഉൾപ്പെടെയുള്ള നടപടികൾ തടസപ്പെട്ടതോടെ സെക്കൻഡ് ഹാൻഡ് വാഹന വില്പനയും പ്രതിസന്ധിയിലായി. പിഴ അടച്ചിട്ടും പരിവാഹൻ തകരാർ മൂലംചില വാഹനങ്ങൾ ബ്ലാക്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാത്തത് വാഹന ഉടമകളെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു. ഓൺലൈൻ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കുന്നതിനുള്ള (എച്ച്.പി ക്യാൻസലേഷൻ) നടപടികൾക്ക് വാഹനം രജിസ്റ്റർ ചെയ്ത ആർ.ടി.ഒ ഓഫീസിൽ നേരിട്ടെത്തേണ്ടിവരുന്നതും ഉടമകളെ വലയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *