റബറും തേക്കുമെല്ലാം നട്ടുപിടിപ്പിച്ചത് പാരയായി, കേരളത്തിൽ മുക്കിലും മൂലയിലുമുണ്ടായിരുന്ന ഈ ജീവി അപ്രത്യക്ഷമാകുന്നു

കൊച്ചി: പ്രകൃതിയുടെ നിശബ്ദ കാവൽക്കാരായ ചിലന്തികൾ കേരളത്തിന്റെ മണ്ണിൽനിന്ന് പതിയെപ്പതിയെ അപ്രത്യക്ഷമാകുന്നു. അനിയന്ത്രിതമായ രാസവള, കീടനാശിനി പ്രയോഗമാണ് കാരണം. രാജ്യത്ത് രണ്ടായിരത്തോളം ഇനം ചിലന്തികളുള്ളതിൽ അറുന്നൂറോളം ഇനങ്ങളുടെ ആവാസകേന്ദ്രമാണ് കേരളം. ഇന്ത്യ ആദ്യമായി വേദിയായ, ഇന്നലെ തിരശീലവീണ ഇന്റർനാഷണൽ കോൺഗ്രസ് ഒഫ് അരാക്‌നോളജിയിലാണ് (ഐ.സി.എ) കേരളത്തിലെ ചിലന്തികൾ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ.

പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്തുന്നതിൽ ചിലന്തികൾക്ക് നിർണായക പങ്കുണ്ട്. കീടനാശിനികളേക്കാൾ ഫലപ്രദമായി പ്രകൃതിദത്ത കീടനിയന്ത്രണം നടത്തുന്നത് ചിലന്തികളാണ്. ഇവ കുറയുന്നത് കൂടുതൽ രാസകീടനാശിനികൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാക്കും. ഇത് ഭക്ഷ്യശൃംഖലയെയും മനുഷ്യന്റെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കും.

1. നഗരവത്കരണം, വനനശീകരണം, കോൺക്രീറ്റ് നിർമ്മിതികൾ, പച്ചപ്പ് കുറയുന്നത് എന്നിവ സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാതാക്കുന്നു.

2. റബർ, തേക്ക്, അക്കേഷ്യ തുടങ്ങിയ ഏകവിള തോട്ടങ്ങൾ വ്യാപകമായത് ചിലന്തികളുടെ വൈവിദ്ധ്യം കുറയ്ക്കുന്നു.

3. പ്രളയങ്ങൾ, അപ്രതീക്ഷിത മഴ, കൊടുംചൂട്, കാട്ടുതീ എന്നിവ പ്രജനനത്തെയും നിലനിൽപ്പിനെയും ബാധിക്കുന്നു.

4. കരിയിലകളും മണ്ണിലെ ജൈവാംശവും കുറയുന്നത് മണ്ണിൽവസിക്കുന്ന ഇനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

139 കുടുംബങ്ങളിലായി 54261 ഇനം ചിലന്തികളാണാണ് ലോകത്താകെ ഉള്ളത്. ഇതുവരെ കണ്ടെത്തിയത് നാലിലൊന്ന് മാത്രം. ആഫ്രിക്ക ഭൂഖണ്ഡത്തിൽ കാര്യമായി ചിലന്തി ഗവേഷണം നടന്നിട്ടില്ല. ഒരു വർഷമാണ് ചിലന്തിയുടെ ശരാശരി ആയുസ്. ചിലത് 14 വർഷംവരെ ജീവിക്കാറുണ്ട്.

'കേരളത്തിലെ പശ്ചിമഘട്ടത്തിൽപ്പോലും കാര്യമായ പഠനം നടത്താൻ കഴിഞ്ഞിട്ടില്ല. ഉൾക്കാട്ടിലേക്ക് ഇറങ്ങിച്ചെന്നാൽ പുതിയ നിരവധി ചിലന്തികളെ കണ്ടെത്താനാകും.'

ഡോ. എം.ജെ. മാത്യു

ചിലന്തിഗവേഷണവിഭാഗം മേധാവി

ഭാരതമാതാ കോളേജ്‌

Leave a Reply

Your email address will not be published. Required fields are marked *