നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ കാറിടിച്ചുകയറി ; ഒരു കുടുംബത്തിലെ 9 പേര്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ 9 പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ ആറ് പേരെ ആംബുലന്‍സില്‍ ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.

കോട്ട-ഉദയ്പൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി വൈകിയുണ്ടായ ഭീകരമായ വാഹനാപകടത്തില്‍ കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെ ശംഭുപുര ഗ്രാമത്തിന് സമീപം അമിതവേഗതയിലെത്തിയ 'ക്രൂയിസര്‍' വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഉഷാ ബായ്, സുശീല, കൈലാഷ്, സാന്‍വി, സജ്ജന്‍, അനിത, ബാബുലാല്‍, ജാന്‍വി, മാധവി എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ ഒരു കുടുംബത്തിലെ 15 പേരാണ് അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാജസ്ഥാനിലെ ഖാട്ടു ശ്യാംജി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ ആറ് പേരെ ആംബുലന്‍സില്‍ ന്യൂ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സിറ്റി പോലീസ് സൂപ്രണ്ട് തേജസ്വിനി ഗൗതം, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ള പോലീസ്, ഭരണകൂട ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തും ആശുപത്രിയിലും എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പോലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *