മസ്‌കറ്റ്: ഒമാനിൽ രണ്ട് ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഇന്ന് പുലർച്ചെ 1.30ഓടെ സുൽത്താൻ സെയ്‌ദ് ബിൻ തൈമൂർ റോഡിലായിരുന്നു അപകടം. ആദ്യം ട്രക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ 26 യാത്രക്കാരുമായി വന്ന ബസ് ഒരു ട്രക്കിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ 17പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ഹൈമ, നിസ്‌വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപകടസ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ചവരുടെ പേരുവിവരങ്ങളോ ഏത് രാജ്യക്കാരാണെന്നോ അധികൃതർ പുറത്തുവിട്ടിട്ടില്ല.