ന്യൂഡൽഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി. പരാതി നൽകിയതായി അടൂർ പ്രകാശ് സ്ഥിരീകരിച്ചു. മറ്റ് ചോദ്യങ്ങളോട് പ്രതികരിച്ചില്ല.
യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന വിമർശനം അടൂർ പ്രകാശ് നേരത്തെ ഉന്നയിച്ചിരുന്നു. ബോർഡ്, കോർപറേഷൻ നിയമനങ്ങൾ ഉൾപ്പെടെ പല തീരുമാനങ്ങളും ചർച്ചയില്ലാതെയാണ് എടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനം തുടങ്ങിയ വിഷയങ്ങളിലും അടൂർ പ്രകാശ് അതൃപ്തി അറിയിച്ചിരുന്നു. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഡിഎഫ് യോഗം വിളിക്കേണ്ടിയിരുന്നത് ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയാണെന്നും കൂട്ടായ ചർച്ചയിലൂടെയാണ് തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്നതെന്നും അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു.