ഇന്ത്യക്ക് 25% വരെ അധികതീരുവ ചുമത്താൻ യുഎസ്; വ്യാപാര കരാറിൽ ഒപ്പിട്ടാൽ 17 %, ചൈനയ്‌ക്ക് 40%

വാഷിങ്‌ടണ്‍: ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ അമേരിക്കയുടെ നിര്‍ദേശം. വിപണി ആവശ്യകതയേക്കാള്‍ കൂടുതല്‍ ഉത്‌പാദനം നടത്തുന്നെന്ന്‌ ആരോപിച്ച്‌ പ്രമുഖ സമ്പദ്‌വ്യവസ്‌ഥകള്‍ക്കെതിരേ എട്ടു മാസമായി തുടരുന്ന അന്വേഷണത്തിനു പിന്നാലെയാണ്‌ യു.എസ്‌ ട്രേഡ്‌ റെപ്രസന്റേറ്റീവ്‌ (യു.എസ്‌.ടി.ആര്‍) ഓഫീസിന്റെ സുപ്രധാന നീക്കം. എന്നാല്‍ വാഷിങ്‌ടണുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചാല്‍ ഇന്ത്യയ്‌ക്കുള്ള നികുതിനിരക്ക്‌ 17 ശതമാനമായി കുറയുമെന്ന്‌ യു.എസ്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ഏഷ്യയിലെ മറ്റു പ്രമുഖ കയറ്റുമതി രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യക്കു താരതമ്യേന കുറഞ്ഞ നിരക്കാണ്‌. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയും യു.എസും തമ്മിലുണ്ടാക്കിയ ഇടക്കാല വ്യാപാര കരാറിന്റെ ചട്ടക്കൂടില്‍ 18 ശതമാനം തീരുവയാണു സൂചിപ്പിച്ചിരുന്നത്‌. നിര്‍ദ്ദിഷ്‌ട 17 ശതമാനം നിരക്ക്‌ ഇതിനേക്കാള്‍ കുറവാണ്‌. അതേസമയം ചൈനയ്‌ക്ക് 2018-ല്‍ ഏര്‍പ്പെടുത്തിയ നികുതികള്‍ക്കു പുറമെ 20 ശതമാനം കൂടി ചേര്‍ത്ത്‌ ആകെ 40 ശതമാനം വരെ തീരുവ നിര്‍ദേശിച്ചിട്ടുണ്ട്‌. വിലകുറഞ്ഞ ഉത്‌പന്നങ്ങള്‍ ആഗോള വിപണിയിലേക്ക്‌ ഒഴുക്കിവിടുന്നതായി ആരോപിച്ചാണ്‌ ചൈനയ്‌ക്കുമേല്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ ഏര്‍പ്പെടുത്തിയത്‌.

വിയറ്റ്‌നാമിന്‌ 35 ശതമാനം വരെയാണു തീരുവ. എന്നാല്‍ യു.എസുമായി കരാറിലെത്തിയാല്‍ ഇത്‌ 20 ശതമാനമായി കുറയും. ബംാദേശ്‌, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങള്‍ക്ക്‌ 18 ശതമാനവും യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നിവയ്‌ക്ക് 15 ശതമാനവും സിംഗപ്പുരിന്‌ 10 ശതമാനവും തീരുവയുണ്ട്‌. അന്വേഷണം നേരിട്ട 16 ല്‍ 14 രാജ്യങ്ങള്‍ക്കാണ്‌ നിലവില്‍ നികുതി നിര്‍ദേശിച്ചിരിക്കുന്നത്‌. മെക്‌സിക്കോയെയും നോര്‍വേയെയും തല്‍ക്കാലം പട്ടികയില്‍ നിന്ന്‌ ഒഴിവാക്കി.

നിര്‍ബന്ധിത തൊഴില്‍ സംബന്ധിച്ച പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായി ജൂലൈ മുതല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ നല്‍കിവരുന്ന 10 ശതമാനം തീരുവയ്‌ക്കൊപ്പം പുതിയ നികുതി കൂട്ടിച്ചേര്‍ക്കില്ലെന്ന്‌ മുതിര്‍ന്ന യു.എസ്‌ ഉദ്യോഗസ്‌ഥന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഇതില്‍ ഏതാണോ ഉയര്‍ന്ന നിരക്ക്‌, അതുമാത്രം നല്‍കിയാല്‍ മതിയാകും. എങ്കിലും ഇന്ത്യ-യു.എസ്‌ വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുള്ള തീരുമാനം ഇന്ത്യന്‍ കയറ്റുമതി മേഖലയ്‌ക്ക് മറ്റൊരു വെല്ലുവിളിയാകും. അമേരിക്കന്‍ വ്യവസായങ്ങള്‍ക്കു ഭീഷണിയാകുന്ന വിധത്തില്‍ അമിത ഉത്‌പാദനം നടത്തുന്ന വ്യാപാര പങ്കാളികളെ നിയന്ത്രിക്കാന്‍ ഡോണള്‍ഡ്‌ ട്രംപ്‌ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ്‌ പുതിയ തീരുവ. നടപടികള്‍ പൂര്‍ത്തിയാക്കി പുതുവര്‍ഷാരംഭത്തിനു മുന്‍പ്‌ ഇതു പ്രാബല്യത്തില്‍ വരാന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *