ചെന്നൈ: ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമർപ്പിച്ച പൊതുതാത്പര്യ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. തമിഴ്നാട് ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ അംഗവും സെൽഫ് കോൺഫിഡൻസ് ട്രാൻസ്ജെൻഡേഴ്സ് സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ സ്ഥാപക- ഡയറക്ടറുമായി അനുശ്രീ നൽകിയ ഹർജിയാണ് തള്ളിയത്.
ശബരിമലയിൽ തടസം കൂടാതെ ദർശനം നടത്താൻ അനുവദിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇത് ഹർജിക്കാരിയെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേയെന്നും ഇതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കുമെന്നും കോടതി ചോദിച്ചു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ്. അതിനാൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുള്ളതാണ് ഹർജി. ഈ ഹർജി എങ്ങനെ മദ്രാസ് ഹൈക്കോടതി പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ആവശ്യമെങ്കിൽ ഹർജിക്കാരിക്ക് കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാവുന്നതാണ്. സമാനമായ മറ്റൊരു ഹർജി നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
2022 മുതൽ എല്ലാവർഷവും താൻ ശബരിമല ദർശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹർജിയിൽ പറയുന്നു. മുൻവർഷങ്ങളിൽ രേഖകൾ പരിശോധിച്ച് ദർശനം അനുവദിച്ചിരുന്നു. എന്നാൽ ഈ വർഷം പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവേശനം നിഷേധിച്ചതായി ഹർജിയിൽ പറയുന്നു.