ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം പുനഃരാരംഭിച്ചു. രണ്ടാം ദിനത്തിൽ തുടക്കത്തിൽതന്നെ ആനയെ കണ്ടെത്താൻ സാധിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റ് ഭാഗത്താണ് നിലവിൽ ആനയുള്ളത്. 301 കോളനി ഭാഗത്ത് ആനയെയെത്തിക്കാനാണ് സംഘം ശ്രമിക്കുന്നത്. ട്രാക്കിംഗ് ടീം ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുകയാണ്.
മയക്കുവെടി സംഘം ബേസ് ക്യാമ്പിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ചക്കക്കൊമ്പൻ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ആന ഇന്നലെയും പതിവ് സഞ്ചാരം നടത്തിയിരുന്നു. ഉച്ചയ്ക്കുശേഷം പ്രദേശത്ത് കനത്ത മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്. മഴ പെയ്താൽ ദൗത്യം വീണ്ടും മാറ്റിവയ്ക്കേണ്ടി വരും.
ഇന്നലെ ആദ്യ ഡോസ് മയക്കുവെടിവച്ചെങ്കിലും ആന മയങ്ങിയില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല. തുടർന്ന് ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. ഉച്ചയ്ക്ക് 3.38ന് ഓമനക്കുഴി ഭാഗത്തുവച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വച്ചത്. പിന്നാലെ അല്പദൂരം ഓടിയ ആന പിന്നീട് നിന്നു. എന്നാൽ മയങ്ങാതായതോടെ രണ്ടാമത്തെ വെടിവച്ചെങ്കിലും കൊണ്ടില്ല. കാലാവസ്ഥ പ്രതികൂലമായതുകൂടി കണക്കിലെടുത്താണ് ദൗത്യം അവസാനിപ്പിച്ചത്.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ 1,2,9,10,11,12 വാർഡുകളിലാണ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മൂന്നുദിവസം വിനോദസഞ്ചാരത്തിനും പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനും നിരോധനമുണ്ട്.