മലപ്പുറം: യാത്രയ്‌ക്ക് തൊട്ടുമുമ്പ് ട്രെയിൻ ടിക്കറ്റ് റദ്ദായ സംഭവത്തിൽ മലയാളി നിയമവിദ്യാർത്ഥിക്ക് അനുകൂല ഉത്തരവിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. മഞ്ചേരി സ്വദേശിയും മുംബയ് കെ സി ലോ കോളേജിലെ വിദ്യാർത്ഥിയുമായ സി യദുകൃഷ്‌ണൻ നൽകിയ പരാതിയിലാണ് ഇന്ത്യൻ റെയിൽവേയ്‌ക്ക് 25,000 രൂപ പിഴയിട്ടത്. ഇന്ത്യൻ റെയിൽവേയ്‌ക്കും ഐആർസിടിസിക്കും എതിരെയാണ് യദുകൃഷ്‌ണൻ പരാതി നൽകിയത്.
2024 സെപ്‌തംബർ ഒമ്പതിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മുംബയിൽ നിന്ന് കേരളത്തിലേക്ക് വരാനായി നേത്രാവതി എക്‌സ്‌പ്രസിൽ ഐആർസിടിസി ആപ്പ് വഴി യദുകൃഷ്‌ണൻ ടിക്കറ്റ് ബുക്ക് ചെയ്‌തു. ആർഎസി 44ലേക്ക് അപ്‌ഡേറ്റ് ആയ ടിക്കറ്റ്, യാത്രയ്‌ക്ക് തൊട്ടുമുമ്പ് വെയ്‌റ്റിംഗ് ലിസ്റ്റ് ഒന്നിലേക്ക് താഴുകയും പിന്നീട് റദ്ദാവുകയുമായിരുന്നു. താൻ ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെന്നും സ്റ്റാറ്റസ് മാറ്റുകയോ ടിക്കറ്റ് റദ്ദാക്കുകയോ ചെയ്‌തതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചില്ലെന്നും യദുകൃഷ്‌ണന പരാതിയിൽ വ്യക്തമാക്കി.
ടിക്കറ്റ് റദ്ദാക്കിയതിനെത്തുടർന്ന് സെപ്‌തംബർ ഒമ്പതിന് അതേ ട്രെയിനിൽ കറന്റ് ടിക്കറ്റ് ബുക്ക് ചെയ്‌താണ് വിദ്യാർത്ഥി യാത്ര ചെയ്‌തത്. ജിഎസ്‌ടി ഉൾപ്പെടെ 1,819 രൂപയായിരുന്നു ആദ്യ ടിക്കറ്റിന്റെ നിരക്ക്. എന്നാൽ, ക്ലർക്കേജ് ചാർജായി 65 രൂപ കുറച്ചശേഷം 1,730 രൂപയാണ് റീഫണ്ടായി ലഭിച്ചത്. ടിക്കറ്റ് റദ്ദാക്കിയതും അധിക തുക ചെലവാക്കേണ്ടി വന്നതും റീഫണ്ടിൽ തുക കുറച്ചതും ചൂണ്ടിക്കാട്ടിയാണ് യദുകൃഷ്‌ണൻ കമ്മീഷനെ സമീപിച്ചത്.
ഓപ്പറേഷണൽ ആവശ്യങ്ങൾ കാരണം ട്രെയിനിലെ മൂന്ന് എ (3A) കോച്ച് മാറ്റി മൂന്ന് ഇ (3E) കോച്ച് ഉൾപ്പെടുത്തിയതോടെയാണ് യാത്രക്കാരുടെ പുനർവിന്യാസവും റിസർവേഷൻ സ്റ്റാറ്റസിൽ മാറ്റങ്ങളും ഉണ്ടായതെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. എന്നാൽ, ഐആർസിടിസി ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്‌തതെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ പിഴവ് കാരണമാണ് ടിക്കറ്റ് റദ്ദാവാൻ ഇടയായതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ഉത്തരവുപ്രകാരം, മുംബയ് സെൻട്രൽ റെയിൽവേ അഡീഷണൽ ജനറൽ മാനേജർ പരാതിക്കാരന് 20,000 രൂപ നഷ്‌ടപരിഹാരവും 5,000 രൂപ വ്യവഹാരച്ചെലവും ഉൾപ്പെടെ 25,000 രൂപ നൽകണം. 45 ദിവസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. പ്രസിഡന്റ് കെ മോഹൻദാസൻ, അംഗങ്ങളായ സി പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്‌മായിൽ എന്നിവരടങ്ങിയ കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. യദുകൃഷ്‌ണനുവേണ്ടി പെരിന്തൽമണ്ണ സ്വദേശി അഡ്വ. അശ്വിൻ രാജ് ഹാജരായി.