വൃദ്ധസദനത്തിലെ 75കാരനും 63കാരിക്കും കല്യാണം, അതിഥിയായി ഡെപ്യൂട്ടി കമ്മിഷണർ

ഷിംല: 75കാരനും 63കാരിക്കും വൃദ്ധസദനത്തിൽ വിവാഹം. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂർ ജില്ലയിലാണ് സംഭവം. കനയ്യ ലാൽ ആണ് സബീന എന്ന 63കാരിയെ താലിയണിയിച്ചത്. ഘാഘാസിലെ 'അപ്‌ന ഘർ' എന്ന വൃദ്ധസദനത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. ചടങ്ങിൽ അതിഥിയായെത്തിയ ബിലാസ്‌പൂർ ഡെപ്യൂട്ടി കമ്മിഷണർ കിരൺ ബധാന ദമ്പതികൾക്ക് വിവാഹസമ്മാനം നൽകി.

ഹൽദി ചടങ്ങോടെയായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമായത്. ചടങ്ങിൽ മഞ്ഞ നിറത്തിലെ വസ്ത്രങ്ങളിഞ്ഞ് ദമ്പതികൾ പരമ്പരാഗത ഹിമാചലി ഗാനങ്ങൾക്ക് ചുവടുവയ്ക്കുകയും ചെയ്തു.

മണ്ഡി ജില്ലയിലെ തുനാഗ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് കനയ്യ. 2002ൽ കനയ്യയെ ഒരു ഗുഹയിൽ നിന്നാണ് വൃദ്ധസദനത്തിലെ അംഗങ്ങൾ കണ്ടെത്തിയതെന്ന് അപ്‌ന ഘർ സ്ഥാപകൻ അഡ്വ.പ്രകാശ് ചന്ദ് ബൻസൽ പറഞ്ഞു. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കനയ്യ ഭാര്യ മരണപ്പെട്ടതിനുശേഷം സ്വത്തുവകകൾ സഹോദരങ്ങൾക്ക് കൈമാറി. പിന്നാലെ വീട് വിട്ടിറങ്ങിയ കനയ്യ ഒരു ഗുഹയിലായിരുന്നു താമസിച്ചിരുന്നത്.

കൽക്കട്ട സ്വദേശിയായ സബീന വീട്ടിൽ നിന്നിറങ്ങി പലയിടങ്ങളിലായി അലഞ്ഞുതിരിഞ്ഞതിന് ശേഷമാണ് ഹിമാചലിലെത്തിയത്. 2025ൽ ഇവരെ കണ്ടെത്തിയ വൃദ്ധസദനത്തിലെ ജീവനക്കാർ ഷിംലയിലും പിന്നീട് ബിലാസ‌്‌പൂരിലുമെത്തിക്കുകയായിരുന്നു. വൃദ്ധസദനത്തിൽ കണ്ടുമുട്ടിയ ഇരുവരും ആദ്യം സൗഹൃദത്തിലാവുകയും തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. വിവാഹിതരായ ഇരുവരും ഹിമാചലിലെ സോളൻ ജില്ലയിലെ മറ്റൊരു വൃദ്ധസദനത്തിലേയ്ക്ക് താമസം മാറും.

Leave a Reply

Your email address will not be published. Required fields are marked *