ഹിന്ദുമതത്തിലേക്ക് മാറാൻ ക്ഷേത്രം അധികൃതർ സമ്മതിക്കുന്നില്ല; ഹൈക്കോടതിയെ സമീപിച്ച് ക്രൈസ്തവ കുടുംബം

കൊല്ലം: ഹിന്ദു മതത്തിലേക്ക് മതം മാറുന്നതിനുളള അപേക്ഷ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം അധികൃതര്‍ നിരസിച്ചതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പുനലൂര്‍ സ്വദേശികളായ എട്ടംഗ ക്രൈസ്തവ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഡിസംബര്‍ നാലിന് കോടതി പരിഗണിക്കും.

സി.എസ്.ഐ സഭാംഗങ്ങളായ കുടുംബം ഈ വര്‍ഷം ജൂണ്‍ 24-നാണ് കൊട്ടാരക്കര ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മതംമാറ്റത്തിനുള്ള സൗകര്യമൊരുക്കുന്നതിന് പകരം, ക്ഷേത്രം ഉപദേശക സമിതിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന്‍ അപേക്ഷ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നുവെന്ന് ഹര്‍ജിക്കാരിയായ അവസാന വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിനി സൂര്യലക്ഷ്മി വ്യക്തമാക്കി. കഴിഞ്ഞ 5 മാസമായിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നു വിവരാവകാശത്തിലൂടെ കുടുംബത്തിനു മറുപടി ലഭിച്ചു. പിന്നാലെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്

ക്രിസ്തുമത വിശ്വാസികളായാണ് ഞങ്ങള്‍ ജനിച്ചു വളര്‍ന്നത്.പൂര്‍വികരുടെ മതത്തോട് അഗാധമായ വിശ്വാസം തോന്നിയതിനാലാണ് ആരുടെയും പ്രലോഭനമോ നിര്‍ബന്ധമോ ഇല്ലാതെ സ്വധര്‍മ്മത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് സൂര്യലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. തങ്ങളുടെ പൂര്‍വികര്‍ ഹിന്ദുക്കളും കുറുവ സമുദായത്തില്‍പ്പെട്ടവരുമായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന 73 വയസ്സുള്ള മുത്തച്ഛന്‍ സാമുവലിന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഹിന്ദു മതത്തിലേക്ക് മടങ്ങണമെന്നും അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടത്തണമെന്നും വലിയ ആഗ്രഹമുണ്ട്. വിഷയത്തിലെ കാലതാമസം കുടുംബത്തിന് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അപേക്ഷ നിരസിച്ചിട്ടില്ലെന്നും നിയമോപദേശം തേടുന്നതിനായാണ് ബോര്‍ഡിന് കൈമാറിയതെന്നും ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. വിനോദ് കുമാര്‍ പ്രതികരിച്ചു. ആദ്യം നല്‍കിയ അപേക്ഷയില്‍ ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ നിര്‍ദ്ദേശപ്രകാരം കുടുംബം വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. മതംമാറ്റത്തിന് ശേഷം ദേവസ്വം ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. മുമ്പ് ഈ ക്ഷേത്രത്തില്‍ ഇത്തരമൊരു ചടങ്ങ് നടന്നതായി രേഖകളില്ലാത്തതിനാലാണ് ബോര്‍ഡിന്റെ നിര്‍ദ്ദേശം തേടിയത്. ചടങ്ങ് നടത്തുന്നതിനെ ഉപദേശക സമിതിയിലെ ചില അംഗങ്ങളും പ്രദേശവാസികളും എതിര്‍ത്തിട്ടുണ്ടെന്നും, ക്രൈസ്തവ സംഘടനകളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായാല്‍ അത് ബോര്‍ഡിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ഷേത്ര ഉപദേശക സമിതിയുടെ നിലപാടിനെതിരെ ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. ദേവസ്വം നിയമമനുസരിച്ച് ഹിന്ദു മതത്തിലേക്ക് മാറുന്നത് വളരെ ലളിതമായ ചടങ്ങാണെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തലവൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 2025 മാര്‍ച്ച് 15നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌കരിച്ച വഴിപാട് നിരക്ക് പ്രകാരം മതം മാറാന്‍ 260 രൂപ മാത്രമേ ആവശ്യമുള്ളു.

മതം മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തി കുളിച്ചെത്തി ക്ഷേത്ര കവാടത്തില്‍ കാത്തു നില്‍ക്കണം. പൂജാരി തീര്‍ഥം തളിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് പ്രസാദം നല്‍കുന്നതാണ് ചടങ്ങെന്നു ഉത്തരവിലുണ്ട്. ഇത്ര ലളിതമായ നടപടിക്രമമായിട്ടും ബോര്‍ഡ് 5 മാസമായി ഇത് വച്ചുതാമസിപ്പിക്കുകയാണെന്നു തലവൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മതം മാറ്റം അനുവദിക്കുന്നത് കേന്ദ്ര- സംസ്ഥാന നിയമങ്ങളുടെ ലംഘനമാണെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് സല്‍പ്പേരിനും വരുമാനത്തിനും കോട്ടമുണ്ടാക്കാനുള്ള ശ്രമമാണിതെന്നും കാണിച്ച് ക്ഷേത്ര ഉപദേശക സമിതി അഡ്മിനിട്രേറ്റ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതായും ഇരു സംഘടനകളും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *