അഫ്ഗാനിസ്ഥാനിലെ വടക്കൻ ബാൽഖ് പ്രവിശ്യയിലെ താലിബാൻ അധികൃതർ മെഡിക്കൽ രേഖകളും കുറിപ്പടികളും ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ സ്ത്രീകളുടെ പേരുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി റിപ്പോർട്ട്. വയോധിക അല്ലെങ്കിൽ മുത്തശ്ശി എന്നർത്ഥം വരുന്ന "ബീബി" എന്ന് വിളിച്ചാണ് വനിതാ രോഗികളെ അഭിസംബോധന ചെയ്യേണ്ടതെന്ന് ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ബാൽഖിലെ ആശുപത്രി ജീവനക്കാരോടും മറ്റ് സർക്കാർ ജീവനക്കാരോടും സ്ത്രീകളുടെ പേരുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെയും ഡോക്ടർമാരുടെയും പൗരാവകാശ പ്രവർത്തകരുടെയും മൊഴികൾ സൂചിപ്പിക്കുന്നത് പ്രകാരം ചില സ്ത്രീകളെ "ആട്" അല്ലെങ്കിൽ "പശു" പോലുള്ള അപമാനകരമായ പദങ്ങൾ ഉപയോഗിച്ചും അഭിസംബോധന ചെയ്യുന്നുണ്ട്.
അഫ്ഗാൻ മാധ്യമമായ 'സാൻ ടൈംസി'നെയും 'ദി ഗാർഡിയനെ'യും ഉദ്ധരിച്ച് പുറത്തുവിട്ട ഈ റിപ്പോർട്ട്, ഈ നിയന്ത്രണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചേക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രാദേശികമായി കൊണ്ടുവന്ന നടപടികൾ പിന്നീട് അഫ്ഗാനിസ്ഥാനിലുടനീളം വ്യാപിപ്പിച്ച മുൻകാല സംഭവങ്ങൾ വനിതാ അവകാശ സംഘടനയായ ഫെമെനയുടെ അഫ്ഗാനിസ്ഥാൻ പ്രോഗ്രാം തലവൻ സുബൈദ അക്ബർ ചൂണ്ടിക്കാട്ടുന്നു
2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം സ്ത്രീകൾക്കെതിരെ ഏർപ്പെടുത്തിയ വിപുലമായ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കവും. 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നു. മിക്ക തൊഴിൽ മേഖലകളിൽ നിന്നും സ്ത്രീകളെ മാറ്റിനിർത്തിയിരിക്കുകയും പൊതുസ്ഥലങ്ങളിൽ സംസാരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യമേഖലയിലേക്കുള്ള പ്രവേശനത്തെയും ഈ നിയന്ത്രണങ്ങൾ ബാധിച്ചിട്ടുണ്ട്. പല പ്രവിശ്യകളിലും പുരുഷ ഡോക്ടർമാർ വനിതാ രോഗികളെ ചികിത്സിക്കുന്നത് വിലക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ അനുവാദമുള്ള ചുരുക്കം ചില വിഭാഗങ്ങളിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ടെങ്കിലും, 2024 ഡിസംബറിൽ മെഡിക്കൽ മേഖലയിൽ പരിശീലനം നേടുന്നതിൽ നിന്ന് താലിബാൻ സ്ത്രീകളെ വിലക്കിയിരുന്നു. പരിശീലനം ലഭിച്ച വനിതാ ആരോഗ്യ പ്രവർത്തകർ ജോലി വിടുകയോ വിരമിക്കുകയോ ചെയ്യുകയും, പകരം യുവതികളെ നിയമിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് "ഇരട്ട പ്രതിസന്ധി" സൃഷ്ടിച്ചിട്ടുണ്ടെന്ന് യൂണിസെഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൗരരേഖകൾ ലഭിക്കുന്നതിന് അഫ്ഗാൻ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളും 2024-ലെ ഒരു യു.എൻ റിപ്പോർട്ട് എടുത്തുക്കാട്ടിയിരുന്നു. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്ത്രീകൾക്ക് സാധാരണയായി ഒരു പുരുഷ സംരക്ഷകൻ ആവശ്യമാണ്. ഇത് സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങളിലെയോ പുരുഷ ബന്ധുക്കൾക്ക് ഒപ്പം വരാൻ കഴിയാത്തവരോ ആയവർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, മാനുഷിക സഹായം, ബാങ്കിംഗ് സേവനങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത്തരം രേഖകൾ പലപ്പോഴും അനിവാര്യമാണ്.
നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും, ചില സ്ത്രീകൾ രഹസ്യ ബിസിനസുകളും രഹസ്യ സ്കൂളുകളും നടത്തിവരുന്നുണ്ട്. എന്നാൽ, ഇവരെല്ലാം അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയത്തിലാണ്.