മുംബയ്: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നതിന് പ്രതിഫലമായി ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) കേന്ദ്രവുമായി വൻ വിലപേശൽ നടത്തുന്നതായി വിവരം. ഇന്ത്യാ സഖ്യത്തിൽ നിന്ന് എൻഡിഎയിലേയ്ക്ക് ചേക്കേറുന്നതിനും പാർട്ടി വ്യവസ്ഥകൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുകളുണ്ട്. ശരദ് പവാറിന്റെ മകളും പാർട്ടി അദ്ധ്യക്ഷയും ലോക്സഭാ എംപിയുമായ സുപ്രിയ സുലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ സ്ഥാനം ലഭിക്കണമെന്നാണ് പ്രധാന ആവശ്യം.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നാരോപിച്ച് ഇന്ത്യാ സഖ്യം നടത്തിയ സമീപകാല പ്രതിഷേധങ്ങളിൽ സുപ്രിയ സുലെ മുൻനിരയിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണ്ഡല പുനർനിർണയ ആശയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്നും എൻസിപി ഉപാധി വച്ചതായി റിപ്പോർട്ടുണ്ട്. ജയന്തി പാട്ടീൽ, ജിതേന്ദ്ര അവ്ഹാദ് എന്നിവർക്കായാണ് വിലപേശൽ നടത്തുന്നത്. എൻസിപിക്ക് ലോക്സഭയിൽ എട്ടും രാജ്യസഭയിൽ ഒരു അംഗവുമാണുള്ളത്.
അതേസമയം, എൻസിപിയുടെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 85-ാം വയസിൽ ശരദ് പവാറിനെ രാജ്യസഭയിലേക്ക് തിരിച്ചയക്കുന്നതിന് കോൺഗ്രസ് ഉറച്ച പിന്തുണയാണ് നൽകിയതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് സമൂഹമാദ്ധ്യമത്തിൽ ചൂണ്ടിക്കാട്ടി.
'2026 മാർച്ചിൽ മഹാരാഷ്ട്രയിലെ ഏഴ് രാജ്യസഭാ സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടായിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് (ശരദ് പവാർ വിഭാഗം) അന്ന് 10 എംഎൽഎമാർ മാത്രമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് 36 വോട്ടുകൾ ആവശ്യമായിരുന്നു. കോൺഗ്രസിന് 16 എംഎൽഎമാരും, ശിവസേനയ്ക്ക് (ഉദ്ധവ് താക്കറെ വിഭാഗം) 20 എംഎൽഎമാരുമാണ് ഉണ്ടായിരുന്നത്. ശരദ് പവാറിന്റെ സ്ഥാനാർത്ഥിത്വത്തിനായി സുപ്രിയ സുലെ കോൺഗ്രസ് നേതാക്കളുടെ പിന്തുണ തേടി. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും യാതൊരു മടിയും കൂടാതെ അതിന് സമ്മതിച്ചു. എന്നാലിപ്പോൾ എൻസിപി എന്താണ് ചെയ്യുന്നത്'- കോൺഗ്രസ് വിമർശിച്ചു.