14കാരിയെ ഭർത്താവ് മർദിച്ച് കൊന്നു; കൊടുംക്രൂരത സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്

ടെഹ്‌റാൻ: പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ട 14കാരിയെ ഭർത്താവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ഇറാനിലെ കെർമാൻ പ്രവിശ്യയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സോഗന്ദ് മൊഷ്‌‌തരേകി എന്ന പെൺകുട്ടിയാണ് 20കാരനായ ഭർത്താവിന്റെ മർദനമേറ്റ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടുകാരെ കാണാൻ പോകണമെന്ന് പെൺകുട്ടി പറഞ്ഞതിന്റെ പ്രകോപനത്തിലാണ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുംവഴിയുണ്ടായ വാഹനാപകടത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് സോഗന്ദ് രക്ഷപ്പെട്ടത്. എന്നാൽ, വലിയ ദുരന്തത്തെ അതിജീവിച്ച് ആശുപത്രിയിലെത്തി കുഞ്ഞിന് ജന്മം നൽകി ദിവസങ്ങൾക്കുള്ളിൽത്തന്നെ പെൺകുട്ടിക്ക് ഭർത്താവിന്റെ ക്രൂരതയ്‌ക്കിരയാകേണ്ടിവന്നു. സോഗന്ദിനെ ഭർത്താവ് വീട്ടിൽ പൂട്ടിയിടുന്നത് പതിവായിരുന്നെന്നും അവർക്ക് വീട്ടുകാരുമായി യാതൊരു ബന്ധവും പുലർത്താൻ അനുവദിച്ചിരുന്നില്ലെന്നും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

ഇറാനിൽ നിലനിൽക്കുന്ന ബാലവിവാഹങ്ങളുടെയും നിർബന്ധിത വിവാഹങ്ങളുടെയും ഭീകരമുഖമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. വിവേചനപരമായ നിയമങ്ങളും കുറ്റവാളികൾക്ക് ലഭിക്കുന്ന സംരക്ഷണവുമാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നും അവർ വിമർശിച്ചു.

സോഗന്ദ് കൊല്ലപ്പെട്ട അതേദിവസം തന്നെയാണ് ഫാർസ് പ്രവിശ്യയിൽ സെപിദെ റഈസി എന്ന 21കാരിയായ ഗർഭിണിയെയും ഭർത്താവ് കൊലപ്പെടുത്തിയത്. ഈ മാസം ആദ്യം ഹെലിയ ഫത്താഹി എന്ന 19കാരിയായ ഗർഭിണിയെ മാതാപിതാക്കൾ ചേ‌ർന്ന് കൊലപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. കാമുകനിൽ നിന്ന് പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതിനെത്തുടർന്ന് പ്രകോപിതരായാണ് 30ഓളം ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ച ശേഷം തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *