ന്യൂഡല്‍ഹി : ടിബറ്റുകാരുടെ ആത്മീയ നേതാവായ ദലൈലാമയുടെ ഓഫീസിന് കേന്ദ്രസർക്കാർ ലുട്ട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്ത് ഒരു ടൈപ്പ്- 7 ബംഗ്ലാവ് അനുവദിച്ചതായി മാധ്യമങ്ങൾ.വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 91 വയസ്സുള്ള ലാമയുടെ ഡൽഹി സന്ദർശന വേളകളിൽ ഹോട്ടലുകളും സുരക്ഷാ ക്രമീകരണങ്ങളും മറ്റും ബുദ്ധിമുട്ടായതിനാലുള്ള പ്രായോഗിക തീരുമാനമാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നു. ദലൈലാമയുടെ ഡൽഹി സന്ദർശനങ്ങൾ സുഗമമാക്കാനുള്ള നടപടിയെന്ന് പ്രവാസി ടിബറ്റൻ പാർലമെന്റ് അംഗങ്ങൾ സ്വാഗതം ചെയ്തു.
പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലെ 20-ാം നമ്പർ ബംഗ്ലാവാണ് ദലൈലാമയ്ക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തിങ്കളാഴ്ച 'ദി ഇന്ത്യൻ എക്സ്പ്രസ്' സംഘം പ്രദേശം സന്ദർശിച്ചപ്പോൾ ബംഗ്ലാവിന്റെ പ്രവേശന കവാടത്തിൽ 'ഗാഡൻ ഫോഡ്രാങ്' എന്ന പേരിലുള്ള ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. കെട്ടിടത്തിന് പുറത്ത് നിർമാണാവശിഷ്ടങ്ങളും കാണാമായിരുന്നു.
ദലൈലാമ 2025 ജൂലൈ രണ്ടിന് പുറപ്പെടുവിച്ച പ്രസ്താവനയിൽ, തന്റെ പുനർജന്മം തിരിച്ചറിയാനുള്ള അധികാരം ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിനു മാത്രമാണെന്ന് വ്യക്തമാക്കിയിയിരുന്നു. അടുത്ത ദലൈലാമയെ അംഗീകരിക്കാൻ തങ്ങൾക്കു മാത്രമേ അവകാശമുള്ളൂ എന്നാണ് ചൈനയുടെ നിലപാട്. ആ സാഹചര്യത്തിൽ, സൗത്ത് ബ്ലോക്കിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെ ട്രസ്റ്റിന് ഒരു വിലാസം ലഭിക്കുന്നത് ചൈനയെ അലോസരപ്പെടുത്തും.
2011-ൽ ദലൈലാമ രാഷ്ട്രീയ അധികാരങ്ങൾ സ്വമേധയാ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ടിബറ്റൻ നേതൃത്വത്തിന് കൈമാറിയതിനു പിന്നാലെ, 1908-ലെ ഇന്ത്യൻ രജിസ്ട്രേഷൻ നിയമപ്രകാരം ഗാഡൻ ഫോഡ്രാങ് ഒരു സ്വകാര്യ ട്രസ്റ്റായി രജിസ്റ്റർ ചെയ്തതായി ദലൈലാമയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ധർമശാലയിലെ സബ് രജിസ്ട്രാർ ഓഫീസിലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.