ബൈക്കിലിരുന്ന് കുട നിവർത്തി റോഡിൽ തലയടിച്ച് വീണ 68കാരിക്ക് ദാരുണാന്ത്യം

കൊച്ചി: മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. എളമക്കര കായപള്ളിപ്പറമ്പ് വീട്ടിൽ രത്‌നമാണ് (68) മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു മരണം. ജൂൺ 28ന് മകൻ സന്ദീപുമൊത്ത് യാത്രചെയ്യുമ്പോൾ പച്ചാളത്ത് വച്ചായിരുന്നു അപകടം.

യാത്രയ്ക്കിടെ മഴ പെയ്തപ്പോൾ രത്‌നം കുട നിവർത്താൻ ശ്രമിച്ചത് മകൻ അറിഞ്ഞില്ല. വേഗതയിൽ പോകുന്ന ബൈക്കിൽ കുട തുറക്കുമ്പോഴുണ്ടാകുന്ന ശക്തമായ വായുസമ്മർദ്ദം അപകടത്തിന് കാരണമായി. തുറന്ന കുടയിലേക്ക് കാറ്റ് ഇരച്ചുകയറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് രത്‌നം റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.

സമാന അപകടങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024ൽ തിരുവനന്തപുരത്ത് മകൾ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത അമ്പതുകാരിയും മരിച്ചിരുന്നു. 2022ൽ മലപ്പുറം എടപ്പാളിന് സമീപവും 2019ൽ കോഴിക്കോട് വടകരയിലും സമാന അപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *