പെരിമെനോപോസിലൂടെ (ആർത്തവവിരാമത്തിന് തൊട്ടുമുൻപുള്ള ഘട്ടം) കടന്നുപോകുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദിയ മിർസ. ഈ സമയത്ത് തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ദിവസവും ഊർജസ്വലയായിരിക്കാൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചു ദിയ മിർസ പറഞ്ഞു. ‘ഷീ ദ പീപ്പിൽ (SHE THE PEOPLE) എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എനിക്ക് പലപ്പോഴും ആശയക്കുഴപ്പം അനുഭവപ്പെടാറുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ സ്വയം ചോദിച്ചു. പെട്ടെന്ന് ഹോട്ട്‌ഫ്ലാഷസ് ഉണ്ടാകും. വേനൽക്കാലത്ത് ഇത് കൂടുതലാണ്. ഈ വർഷം എനിക്ക് വളരെ കഠിനമായിരുന്നു. ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ വേനൽക്കാലത്ത് പരാതിയില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളെക്കുറിച്ചാണ് അമ്മ ചോദിച്ചത്. സ്ത്രീകൾ ഇതേക്കുറിച്ച് തിരിച്ചറിയണം.
ശാരീരികവും വൈകാരികവും മാനസികവുമായ സമ്മർദം നൽകുന്ന സ്വാഭാവിക പ്രക്രിയയാണിത്. കൂടുതൽ അവബോധമുണ്ടാക്കുന്നത് എളുപ്പത്തിൽ മറികടക്കാൻ സഹായിക്കും. പെരിമെനോപോസ് കാലത്ത് സ്ത്രീകൾക്ക് വലിയ പിന്തുണ ലഭിക്കേണ്ടതുണ്ട്. അതിനാൽ ഭർത്താക്കന്മാർ ഇതിനെക്കുറിച്ച് മനസിലാക്കണം. മാതാപിതാക്കളും കൗമാരക്കാരായ പെൺകുട്ടികളും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. എങ്കിലെ വീട്ടിൽ ശക്തമായ ഒരു പിന്തുണ ലഭിക്കുകയുള്ളൂ. ഒരാളുടെ ശരീരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള അവബോധം ലഭിക്കുമ്പോൾ മുൻവിധിയോടെ സമീപിക്കുന്നത് നിർത്തും. എനിക്ക് പെരിമെനോപോസിനെക്കുറിച്ച് അറിയില്ലായിരുന്നുവെങ്കിൽ എന്റെ മോശം ദിവസങ്ങളിൽ സ്വയം ആശ്വസിക്കാൻ കഴിയില്ലായിരുന്നു’ – നടി വ്യക്തമാക്കി.
39 വയസിലാണ് താൻ അമ്മയായതെന്നും ആർത്തവവിരാമ സമയത്ത് മകനൊപ്പം ഊർജസ്വലയായി നിൽക്കാൻ കഷ്ടപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു. അതിനാലാണ് മുത്തശ്ശിമാരും അമ്മമാരും മുൻപെ കുട്ടികൾ ജനിക്കണമെന്ന് പറയുന്നതെന്നും നടി പറഞ്ഞു.