ചെന്നൈ: രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി തമിഴ് നടനും സംവിധായകനുമായ ധനുഷിന്റെ ഏറ്റവും പുതിയ ആഹ്വാനം. ആരാധകരോട് സമൂഹ സേവനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും സജീവമാകാനായിരുന്നു ധനുഷിന്റെ പ്രസ്താവന.
സിനിമയുടെ വിജയാഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പ്രവർത്തനങ്ങൾ നടത്തണമെന്ന് ഞായറാഴ്ച നടന്ന ആരാധക സംഗമത്തിൽ ധനുഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്.
ആരാധകരുടെ ഐക്യം സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളിലേക്ക് മാറ്റണമെന്നായിരുന്നു ധനുഷിന്റെ പ്രസ്താവന. വിദ്യാഭ്യാസ സഹായം, രക്തദാനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പിന്നാക്ക വിഭാഗങ്ങൾക്ക് പിന്തുണ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ആരാധക സംഘടനയുടെ യഥാർഥ ശക്തി തെളിയിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്രയധികം ആളുകൾ ഒരിടത്ത് ഒത്തുകൂടിയിരിക്കുന്നു. ഈ ഐക്യത്തിൽ വലിയൊരു ശക്തിയുണ്ട്. ആ ഐക്യത്തിന് നമ്മൾ ഒരു ലക്ഷ്യം നൽകേണ്ടതുണ്ട്. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം, നമ്മൾ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെയും നിങ്ങളുടെ ചുറ്റും താമസിക്കുന്ന കുടുംബങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കുകയും സാധ്യമായ വിധത്തിൽ അവരെ സഹായിക്കുകയും ചെയ്യുക. അവർക്ക് വേണ്ടി നിങ്ങൾക്ക് കഴിയുന്നത്ര സഹായം ചെയ്യുക. എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.’ -ധനുഷ് ആഹ്വാനം ചെയ്തു.